ലഖിംപൂർ കേസ്: കേന്ദ്രമന്ത്രിയുടെ മകൻ ഹാജരായി, ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത് പിൻവാതിൽ വഴി; ചോദ്യം ചെയ്യുന്നു

By Web TeamFirst Published Oct 9, 2021, 11:15 AM IST
Highlights

ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് (Crime branch office) ആശിശ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിൻവാതിൽ വഴിയായിരുന്നു. ആശിഷ് മിശ്രയെ ഇപ്പോൾ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്

ദില്ലി:  ലഖിംപുർ ഖേരി (Lakhimpur Kheri) കേസിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ (Ajay Mishra) മകൻ  ആശിഷ് മിശ്ര (Asish Mishra) അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് (Crime branch office) ആശിശ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിൻവാതിൽ വഴിയായിരുന്നു. ആശിഷ് മിശ്രയെ ഇപ്പോൾ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യഗ്രഹം തുടരുകയാണ്.

രാവിലെ പത്തരയോടെ ക്രൈം ബ്രാഞ്ച് സംഘത്തലവൻ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ച് മാധ്യമപ്രവർത്തകരെ ഓഫീസിന്റെ മുൻവശത്തേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് പിൻവാതിൽ വഴി ആശിഷിനെ അകത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഒരു വിഭാഗം മാധ്യമപ്രവർത്തകർ പുറംവാതിലിന് സമീപത്തും ഉണ്ടായിരുന്നു. ഇതുവഴിയാണ് ആശിഷ് എത്തിയത്.

ലഖിംപുർ ഖേരി സംഘർഷത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒടുവിൽ ഹാജരായത് പ്രതിപക്ഷ സമ്മർദ്ദത്തിന്റെയും കോടതി ഇടപെടലിന്റെയും ഫലമായാണ്. ആശിഷ് മിശ്രയുടെ അറസ്റ്റ് നടന്നാൽ അജയ് മിശ്രയുടെ പങ്ക് ചർച്ചയാവും. തത്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടിൽ ബിജെപി ഉറച്ചു നിൽക്കുകയാണ്. അഖിലേഷ് യാദവ് എന്തുകൊണ്ട് മരിച്ച ബ്രാഹ്മണ സമുദായ അംഗങ്ങളുടെ വീട്ടിൽ പോയില്ലെന്ന് യോഗി ആദിത്യനാഥിന്റെ ചോദ്യം രാഷ്ട്രീയ നീക്കത്തിൻറെ സൂചനയാണ്. എന്നാൽ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് കോൺഗ്രസിൻറെയും കർഷക സംഘടനകളുടെയും തീരുമാനം.

കേസ് സിബിഐക്ക് വിട്ട് പ്രതിഷേധം തണുപ്പിക്കാൻ യുപി സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇരുപതിന് കേസ് പരിഗണിക്കാനായി മാറ്റിയതിനാൽ ഈ നീക്കം ഉപേക്ഷിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഒടുവിൽ ഇടപെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ആവശ്യപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ കണ്ടു. കേന്ദ്രമന്ത്രിയുടെ മകനെ രക്ഷിക്കാൻ ആദ്യ ദിവസങ്ങളിൽ നടത്തിയ നീക്കം പാളിയത് യുപിസർക്കാരിനും പൊലീസിനും ദേശീയ തലത്തിൽ തന്നെ വൻ തിരിച്ചടിയാവുകയാണ്.

click me!