ലഖിംപുർ സംഘർഷം: ചോദ്യം ചെയ്യാനിരിക്കെ മന്ത്രിയുടെ മകൻ ഒളിവിൽ; കേസ് ഇന്ന് സുപ്രീംകോടതിയിൽ

By Web TeamFirst Published Oct 8, 2021, 6:36 AM IST
Highlights

ഇതുവരെ എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ചുമതല. അതേസമയം, ഇന്നലെ അറസ്റ്റിലായവർ സംഘർഷസമയത്ത് വാഹനങ്ങളിലുണ്ടായിരുന്നു എന്ന് യുപി പൊലീസ് പറഞ്ഞു. ഒരു വാഹനത്തിൽ  വെടിക്കോപ്പും കണ്ടെത്തി. 

ദില്ലി: ലഖിംപുർ ഖേരി (Lakhimpur Kheri)സംഘർഷം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻറെ മേൽനോട്ടം ഡിഐജി തലത്തിലുള്ള (DIG) ഉദ്യോഗസ്ഥന് നൽകി. ഇതുവരെ എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ചുമതല. അതേസമയം, ഇന്നലെ അറസ്റ്റിലായ രണ്ട് പേരും സംഘർഷസമയത്ത് വാഹനങ്ങളിലുണ്ടായിരുന്നു എന്ന് യുപി പൊലീസ്  (UP Police) പറഞ്ഞു. ഒരു വാഹനത്തിൽ  വെടിക്കോപ്പും കണ്ടെത്തി. 

സംഘർഷം ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീംകോടതി ഇന്നലെ യുപി സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു. മുഖ്യപ്രതി ആശിഷ് കുമാർ മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര ഒളിവിലെന്നാണ് റിപ്പോർട്ട്. ആശിഷ് മിശ്ര ഇന്ന് രാവിലെ പത്ത് മണിക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീടിന് മുന്നിൽ പൊലീസ്  പതിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിൻറെയും കർഷകസംഘടനകളുടെയും തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി യോഗം ഇന്നു ചേർന്ന് ഭാവി പരിപാടികൾ ചർച്ച ചെയ്യും.

സംഘർഷത്തിൽ സ്വമേധയാ സുപ്രീംകോടതി കേസ് എടുത്തു എന്നാണ് ബുധനാഴ്ച രജിസ്ട്രി നല്കിയ അറിയിപ്പ്. എന്നാൽ രണ്ട് അഭിഭാഷകർ നല്കിയ കത്ത് പൊതുതാല്പര്യ ഹർജിയാക്കാനാണ് തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ഇന്നലെ വിശദീകരിച്ചു. കേസെടുത്ത സാഹചര്യത്തിൽ ഇതിൻറെ വിശദാംശം അറിയണമെന്ന് ചീഫ് ജസ്റ്റിസ് യുപി പൊലീസിന് നിർദ്ദേശം നല്കി. ആർക്കൊക്കെ എതിരെയാണ് കേസ്, ആരെയെങ്കിലും അറസ്റ്റു ചെയ്തോ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നാണ് യുപി സർക്കാരിന് കോടതി നിർദ്ദേശം നല്കിയത്. കോടതി ഇടപെടലിന് പിന്നാലെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് സൂചന. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പങ്കിനെക്കുറിച്ച് ഇവർ മൊഴി നല്കിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നു

മരിച്ച കർഷകരിൽ ഒരാളായ ലവ്പ്രീത് സിംഗിൻറെ അമ്മ തളർന്നു വീണ ശേഷം സ്ഥിതി ഗുരുതരമാണെന്ന് സുപ്രീം കോടതിയെ ചിലർ അറിയിച്ചു. അടിയന്തരമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് യുപി സർക്കാരിന് കോടതി നിർദ്ദേശം നല്കി. ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു എന്ന് യുപി സർക്കാർ പറഞ്ഞു. സുപ്രീംകോടതി കേസെടുത്ത പശ്ചാത്തലത്തിൽ ബുധനാഴ്ച രാത്രി തന്നെ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയെ കമ്മീഷനായി നിയോഗിച്ചിരുന്നു.

 

click me!