ലഖിംപൂർ: 18 ന് രാജ്യവ്യാപക റെയിൽ ഉപരോധം, പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാൻ മോർച്ച

Published : Oct 08, 2021, 07:13 PM IST
ലഖിംപൂർ: 18 ന് രാജ്യവ്യാപക റെയിൽ ഉപരോധം, പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാൻ മോർച്ച

Synopsis

ഈ മാസം പന്ത്രണ്ടിന് ലഖിംപൂരിൽ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തു. ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധം സംഘടിപ്പിക്കും. 

ദില്ലി: ലഖിംപൂർ ഖേരി സംഘർഷത്തിലെ (Lakhimpur Kheri violence) പ്രതികളെ അറസ്റ്റ് (arrest) ചെയ്യാത്തതിൽ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച (samyukta kisan morcha). ഈ മാസം പന്ത്രണ്ടിന് ലഖിംപൂരിൽ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തു. ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ (rail)ഉപരോധം സംഘടിപ്പിക്കും. 

സംഭവത്തിൽ യുപി സർക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി മറ്റൊരു സംവിധാനത്തിന് കേസ് കൈമാറേണ്ടി വരുമെന്ന സൂചനയും നൽകി. ക്രൂരമായ കൊലപാതകത്തിൽ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിനാണ്  ഇളവ് നൽകുന്നതെന്ന് കോടതി ചോദിച്ചു. മതിയായ നടപടി ഉണ്ടായിട്ടില്ലെന്ന് യുപി സർക്കാർ കോടതിയിൽ സമ്മതിച്ചു. 

കേസിലെ പ്രധാനപ്രതിയായ ആഷിഷ് കുമാർ മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്കിയെന്ന് യുപി സർക്കാരിനു വേണ്ടി ഹരീഷ് സാൽവെ അറിയിച്ചു. എല്ലാ കൊലപാതക കേസുകളിലും ഇതേ ഉദാര രീതിയാണോ കാട്ടുന്നതെന്ന് കോടതി തിരിച്ചടിച്ചു. സാധാരണ ഇത്തരം കേസുകളിൽ ഉടൻ പ്രതിയെ അറസ്റ്റു ചെയ്യും. ക്രൂരമായ കൊലപാതകത്തിന് ദൃക്സാക്ഷികളുമുണ്ട്. ഉത്തരവാദിത്തം നിറവേറ്റേണ്ട ഒരു സർക്കാരും പൊലീസുമാണ് യുപിയിൽ ഉള്ളത്. ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്തിയില്ലെന്ന് കോടതി ഉത്തരവിൽ രേഖപ്പെടുത്തി. സർക്കാർ പറയുന്നത് പ്രവൃത്തിയിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണ സംഘം നോക്കുമ്പോൾ എല്ലാം പ്രാദേശിക ഉദ്യോഗസ്ഥരാണ്. മറ്റൊരു ഏജൻസിക്ക് ഇത് വിടേണ്ടി വരും എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സിബിഐ അന്വേഷണത്തെ എതിർക്കുന്നില്ല എന്ന് ഹരീഷ് സാൽവെ പ്രതികരിച്ചു. കേസിലുള്ള വ്യക്തികളെ നോക്കുമ്പോൾ സിബിഐ അന്വേഷണം കൊണ്ടും കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ