ലഖിംപൂർ ഖേരി; പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പാരിതോഷികം, സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

Published : Oct 19, 2021, 09:27 PM IST
ലഖിംപൂർ ഖേരി; പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പാരിതോഷികം, സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

Synopsis

പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടു. പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും യുപി പൊലീസ് അറിയിച്ചു.

ദില്ലി: ലഖിംപൂർ ഖേരിയിൽ (Lakhimpur Kheri) കർഷകർ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടു. പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും യുപി പൊലീസ് (UP police) അറിയിച്ചു. സംഭവത്തിലെ അന്വേഷണ പുരോഗതി സുപ്രീംകോടതി നാളെ പരിശോധിക്കാനിരിക്കെയാണ് പൊലീസ് നീക്കം. പരാതികൾ കേസായി പരിഗണിച്ചാണ് ലഖിംപൂര്‍ കൊലപാതകത്തിൽ സുപ്രീംകോടതി ഇടപെടുന്നത്. അതേസമയം, കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകൾ അറിയിച്ചു.

കര്‍ഷകരെ വാഹനമിടിച്ച് കൊന്ന എസ്.യു.വി വാഹനത്തിൽ ഉണ്ടായിരുന്ന കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ പത്ത് പേരെയാണ് ഇതുവരെ യുപി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത്. കേസിലെ അന്വേഷണ പുരോഗതി യുപി പൊലീസ് നാളെ ചീഫ് ജസ്റ്റിസ് കോടതിയെ അറിയിക്കും. കര്‍ഷകര്‍ക്കുമേൽ വാഹനമിടിച്ചുകയറ്റി സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കേസ് പരിഗണിക്കവെ യുപി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് കോടതിയിൽ നിന്ന് കേൾക്കേണ്ടിവന്നത്. കൃത്യമായ അന്വേഷണം നടക്കുമോ എന്നതിൽ സുപ്രീംകോടതി ആശങ്കയും അറിയിച്ചിരുന്നു. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.

കേസ് യുപി പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയോ, മറ്റെന്തെങ്കിലും അന്വേഷണ സംവിധാനം വേണോ എന്നതിൽ ഒരുപക്ഷെ കോടതി നാളെ തീരുമാനമെടുത്തേക്കും. ലഖിംപൂര്‍ ഖേരിലെ സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയാണെന്ന ആരോപണവും ഉയര്‍ത്തുന്നു. അജയ് മിശ്ര പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാജ്യവ്യാപകമായി കര്‍ഷകര്‍ ട്രെയിൻ തടയൽ സമരം നടത്തിയിരുന്നു. ലൗഖ്നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനിരിക്കെ യു.പിയിലടക്കം കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ പല ബിജെപി നേതാക്കൾക്കുമുണ്ട്. അതിനിടെയാണ് കോടതിയുടെ ഇടപെടൽ കൂടി ഉണ്ടാകുന്നത്.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്