വേറിട്ട പ്രതിഷേധത്തിന് ലക്ഷദ്വീപ്; പരിഷ്കാരങ്ങൾക്കെതിരെ ഇന്ന് ഒരു മണിക്കൂർ ഓലമടൽ സമരം

By Web TeamFirst Published Jun 28, 2021, 6:32 AM IST
Highlights

സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ മുകളിലിരുന്ന് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കാനാണ് തീരുമാനം. തെങ്ങിൽ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാൽ പിഴയീടാക്കാനുള്ള ഉത്തരവിലാണ് വേറിട്ട പ്രതിഷേധം. 

കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ഓലമടൽ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ 9 മുതൽ 10 വരെയാണ് സമരം നടത്തുന്നത്. 

സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ മുകളിലിരുന്ന് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കാനാണ് തീരുമാനം. തെങ്ങിൽ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാൽ പിഴയീടാക്കാനുള്ള ഉത്തരവിലാണ് വേറിട്ട പ്രതിഷേധം. എന്നാൽ, ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ കൂടുതൽ ദ്വീപുകളിൽ ഇന്ന് നോട്ടീസ് നൽകിയേക്കും.

വീടുകളും ശുചിമുറികളും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് ദ്വീപ് നിവാസികൾക്ക് നോട്ടീസ് നൽകിയത്. കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അനധികൃതമാണെന്നും അടിയന്തരമായി പൊളിച്ച് നീക്കണമെന്നുമാണ് നോട്ടീസ്.   കവരത്തിയിൽ നൂറ്റിയമ്പതിലേറെ വീടുകളിലെ താമസക്കാർക്ക് ഇതിനകം  നോട്ടീസ് കിട്ടിയിട്ടുണ്ട്. ഈ മാസം 30നുളളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നും ഇതിന്‍റെ ചെലവ് ഉടമകളുടെ കയ്യിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. കവരത്തി ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫിസർ ആണ് ഉത്തരവ് ഇറക്കിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!