പ്രതിഷേധങ്ങള്‍ക്ക് മൂക്ക് കയറിടാൻ ലക്ഷദ്വീപ് ഭരണകൂടം;ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ച് നിരീക്ഷണം

By Web TeamFirst Published Jun 5, 2021, 2:07 PM IST
Highlights

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ ഖോഡ പട്ടേലിന്‍റെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് സമൂഹത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുരക്ഷയെ മുൻനിർത്തിയുള്ള പുതിയ ഉത്തരവ്. 

കവരത്തി: സുരക്ഷ മുൻകരുതലിന്‍റെ പേരിൽ ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾക്ക് മൂക്ക് കയറിടാൻ ദ്വീപ് ഭരണകൂടം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിച്ച് നിരീക്ഷണം നടത്താനാണ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. ദ്വീപുകളിലേക്ക് വരുന്ന ഉരു, വെസലുകൾ എന്നിവ നങ്കൂരമിടുന്ന സ്ഥലങ്ങൾ സിസിടിവി ക്യാമറ സ്ഥാപിച്ച് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രതിഷേധക്കാരെ ഭയപ്പെടുത്താനാണ് പുതിയ ഉത്തരവെന്ന് ദ്വീപ് നിവാസികൾ വ്യക്തമാക്കി.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ ഖോഡ പട്ടേലിന്‍റെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് സമൂഹത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുരക്ഷയെ മുൻനിർത്തിയുള്ള പുതിയ ഉത്തരവ്. ലക്ഷദ്വീപിലെ പ്രദേശിക മത്സ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിച്ച് രഹസ്യ വിവരങ്ങൾ ശേഖരിക്കണമെന്നാണ് പ്രധാന തീരുമാനം. മത്സ്യതൊഴിലാളികൾ ആരൊക്കെയായി ബന്ധപ്പെടുന്നു, പുറമെ നിന്ന് ആരെങ്കിലും മത്സ്യ ബന്ധന ബോട്ടുകളിൽ ദ്വീപുകളിൽ എത്തുന്നഉണ്ടോ എന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകണം. ദ്വീപിലേക്ക് ചരക്കുമായെത്തുന്ന ഉരു കർശനമായി പരിശോധിക്കണം. ഇവ നങ്കൂരമിടുന്ന സ്ഥലങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പരിശോധന വേണം. അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. 

ബേപ്പൂർ, മംഗലാപുരം എന്നിവടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കണം. ഇതിനായി സംവിധാനമൊരുക്കാനും നിർദ്ദേശമുണ്ട്.ഭരണ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപിൽ ഈമാസം 7 ന് കുടുംബങ്ങൾ നിരാഹാരമിരിക്കുന്നുണ്ട്. ഇത്തരം സമരങ്ങൾ ശക്തമാകുന്നതും ആളുകൾ സംഘടിക്കുന്നതും അടക്കം നിരീക്ഷിക്കുന്നതിനാണ് പുതിയ പരിഷ്കാരമെന്ന് പ്രക്ഷോഭ രംഗത്തുള്ളവർ പറയുന്നു. ഇതിനിടെ കൊച്ചിയിൽ നിന്ന് മംഗലാപുരം പോർട്ടിലേക്ക് ചരക്ക് നീക്കം മാറ്റുന്നതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേഷൻ രംഗത്ത് വന്നു. ചരിത്രപരമായ തീരുമാനം ആകും ഇതെന്നാണ് വ്യക്തമാക്കുന്നത്. കിൽത്താൻ, കടമത്ത്, ബിത്ര അടക്കമുള്ള ദ്വീപുകാർക്ക് പണവും, സമയവും ലാഭിക്കാൻ ഈ നീക്കം കൊണ്ട് സാധിക്കുമെന്നാണ് വിശദീകരണം. 

click me!