
പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഐക്യ റാലിക്ക് പിന്നാലെയാണ് നിതിഷ് കുമാറും ലാലു പ്രസാദും സോണിയ ഗാന്ധിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ഐക്യത്തെ കുറിച്ച് വിശദമായി ചർച്ച ആകാമെന്ന് സോണിയ ഗാന്ധി അറിയിച്ചതായി ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണം. ബീഹാർ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയില്‍ പ്രതിപക്ഷ റാലി നടന്നു. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവി ലാലിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് റാലി വിളിച്ച് ചേർത്തതെങ്കിലും ബിജെപിക്കെതിരായ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‍മയാണ് റാലിയില്‍ കണ്ടത്. ക്ഷണമുണ്ടായിരുന്നിട്ടും മമതയും ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല. എന്‍ഡിഎ വിട്ട അകാലിദള്‍, ജെഡിയു, ശിവസേന പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തെ കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തി റാലിയില്‍ എൻസിപി നേതാവ് ശരത് പവാർ കേന്ദ്രസർക്കാരിനെ വിമർശിച്ചു. അമൃത് തട്ടിയെടുത്ത രാക്ഷസൻമാരാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരിഹസിച്ചു.
മൂന്നാം മുന്നണിയില്ലെന്നും കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട സഖ്യമാണ് ബിജെപിക്കെതിരെ വേണ്ടതെന്നും പ്രതിപക്ഷ റാലിയില്‍ ജെഡിയും നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞു. 2024 ലോക്സഭ തെരഞ്ഞടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഐക്യപ്പെടണമെന്ന് ആഹ്വാനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam