
ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വസ്തുതർക്കത്തിന് പിന്നാലെ 6 പേർ വെടിയേറ്റ് മരിച്ചു. കരിമ്പ് വെട്ടാൻ ഉപയോഗിക്കുന്ന വാളുകൊണ്ട് ആക്രമിച്ച ശേഷമാണ് വെടിയുതിർത്തത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിജയപുര ജില്ലയിലെ ഗോവിന്ദപുരത്ത് 25 ഏക്കർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആറു പേരുടെ ജീവനെടുത്ത അതിക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്. ഗോവിന്ദപുര ഗ്രാമത്തിലെ നിരാളെ എന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരിൽ അഞ്ചു പേർ. ഒരാൾ പുറമേ നിന്നുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ട്.
ഗ്രാമത്തിൽ നിരാളെ കുടുംബം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നാടിനെ നടുക്കിയ കൊലപാതകത്തിൽ കലാശിച്ചത്. നിരാളെ കുടുംബം ഭൂമി വാങ്ങിയതിനെ എതിർത്ത് മറ്റൊരു പ്രബല കുടുംബം രംഗത്തെത്തിയിരുന്നു. ഗോൾഗി എന്ന ഈ കുടുംബം നോക്കിവച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് നീരാളെ കുടുംബം കരസ്ഥമാക്കിയതാണ് ശത്രുതയ്ക്ക് കാരണം. പലവട്ടം ഇരു കുടുംബങ്ങളും നേർക്കുനേർ എത്തിയതോടെ പഞ്ചായത്ത് ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. ഇന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നിരാളെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്. ഗോൾഗി കുടുംബത്തിലെ അംഗങ്ങൾ കരിമ്പ് വെട്ടാൻ ഉപയോഗിക്കുന്ന വാൾ ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നാലെ ക്ലോസ് റേഞ്ചിൽ വെടിയുമുതിർത്തു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രേവണ സിദ്ധപ്പ നിരാളെ, കുടുംബാംഗങ്ങളായ ദുന്തപ്പ, ശിവപുത്ര, ചന്ദ്രശേഖർ, ഷബീർ നദാഫ് എന്നിവരാണ് മരിച്ച അഞ്ചു പേർ. ആറാമത്തെ ആളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചഡ്ചണ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam