ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധം ഉണ്ടാക്കരുത്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാലിന്‍

By Web TeamFirst Published Oct 10, 2022, 6:55 PM IST
Highlights

ഹിന്ദി നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയുടെ ഐക്യം ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എംകെ സ്റ്റാലിൻ അഭ്യർത്ഥിച്ചു. 

ചെന്നൈ: ഹിന്ദി ഭാഷ വിഷയത്തില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിച്ച് ഇനിയൊരു ഭാഷായുദ്ധത്തിന് നിർബന്ധിക്കരുതെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് തമിഴ്നാട് മുഖ്യമന്ത്രി കേന്ദ്രത്തിന് എഴുതിയ കത്തില്‍ മുന്നറിയിപ്പ് നൽകി.

ഹിന്ദി നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയുടെ ഐക്യം ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എംകെ സ്റ്റാലിൻ അഭ്യർത്ഥിച്ചു. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് സമർപ്പിച്ച റിപ്പോർട്ടിനോട് ശക്തമായി പ്രതികരിച്ചാണ് സ്റ്റാലിന്‍റെ കേന്ദ്രത്തിനുള്ള കത്ത്.

ഇത് നടപ്പാക്കിയാൽ ഹിന്ദി ഇതര സംസാരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.  "ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുൻകാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് ബിജെപി സർക്കാർ പാഠം പഠിക്കുന്നത് നന്നായിരിക്കും," തമിഴ്‌നാട്ടിലെ മുന്‍കാല ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര ബി.ജെ.പി സർക്കാർ വേഗത്തിലാണ് നടപ്പിലാക്കുന്നത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്റെ 11-ാം വാല്യത്തിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ് - കത്ത് പങ്കുവച്ച് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്നിവ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നിലപാട് ഇന്ത്യയുടെ ഐക്യത്തെ ബാധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയന്‍റെ അഖണ്ഡതയെ അപകടപ്പെടുത്തുന്ന ശുപാർശകൾ അടങ്ങിയിട്ടുണ്ടെന്ന് സ്റ്റാലിൻ കത്തില്‍ പറഞ്ഞു.

ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, കേന്ദ്ര സർവകലാശാലകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങി എല്ലാ കേന്ദ്ര സർവകലാശാലകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി പഠനമാധ്യമമായി ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു ഇതിനോടാണ് സ്റ്റാലിന്‍റെ രൂക്ഷ വിമര്‍ശനം.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ തമിഴ് ഉൾപ്പെടെ 22 ഭാഷകൾക്ക് തുല്യാവകാശം ഉണ്ടെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനെ മറികടന്ന് പാര്‍ലമെന്‍ററി സമിതി ഇന്ത്യയിലുടനീളം ഹിന്ദിയെ പൊതുഭാഷയായി ശുപാർശ ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 

പാർലമെന്റിൽ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി "ഭാരത് മാതാ കീ ജയ്" ഉയർത്തുന്നവര്‍ ഹിന്ദിക്ക് അനാവശ്യവും അന്യായവുമായ പ്രധാന്യം നൽകുകയും മറ്റ് ഇന്ത്യൻ ഭാഷകളോട് വിവേചനം കാണിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ അന്തസ്സിന് വിരുദ്ധമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയില്‍  പ്രായോഗികമായി അസാധ്യമായ ഒരു പൊതു ഭാഷ നിർബന്ധമാക്കുന്നത് ഹിന്ദി സംസാരിക്കുന്നവർ മാത്രമേ ഇന്ത്യയിലെ ശരിയായ പൗരന്മാരാണെന്ന് പ്രസ്താവിക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. മറ്റ് ഭാഷകൾ സംസാരിക്കുന്നവർ രണ്ടാം തരം പൗരന്മാരാണ്. ഇത് ഭിന്നിപ്പിക്കുന്ന സ്വഭാവമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സ്വഭാവമെന്നും അതിനാൽ എല്ലാ ഭാഷകളെയും തുല്യമായി പരിഗണിക്കണമെന്നും എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷകളാക്കാൻ കേന്ദ്രം ശ്രമിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. മുകളിൽ പറഞ്ഞ തത്വത്തിന് വിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. ഹിന്ദി അടിച്ചേൽപ്പിച്ച് മറ്റൊരു ഭാഷാ യുദ്ധത്തിന് നിർബന്ധിക്കരുതെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതി നൽകിയ യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി

കണ്ണൂരിൽ അച്ഛനെ മകൻ വീട്ടിൽ നിന്നും അടിച്ചിറക്കി, മർദ്ദന ദൃശ്യങ്ങളും പുറത്ത്
 

click me!