
തെലങ്കാന: കർണാടകത്തിലെ ബിഡദിയിൽ വൻ വ്യാജമരുന്ന് നിർമാണ ശാല കണ്ടെത്തി. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ റെയ്ഡിലാണ് അഞ്ച് കോടിയോളം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ പിടികൂടിയത്. അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾക്ക് വരെ ഈ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കർണാടകത്തിലെ ബിഡദി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജമരുന്ന് നിർമാണ ശാലയാണ് ഫുഡ് സേഫ്റ്റി വിഭാഗം കണ്ടെത്തിയത്. ഏകദേശം അഞ്ച് കോടി രൂപയുടെ വ്യാജ മരുന്നുകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്നുകൾ എത്തിച്ച്, പുതിയ കമ്പനികളുടെ വ്യാജ ലേബലുകൾ ഒട്ടിച്ച് വീണ്ടും പാക്ക് ചെയ്താണ് ഇവർ വിപണിയിൽ എത്തിച്ചിരുന്നത്. മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇൻജക്ഷൻ ഫില്ലിംഗ് മെഷീനും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ചെറുകുടൽ, ശ്വാസകോശം, കരൾ എന്നിവയെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധ, ന്യൂമോണിയ, യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകൾ, അലർജി ഇൻജെക്ഷനുകൾ , അമിത ഉത്കണ്ഠയും ടെൻഷനും കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയുടെ വ്യാജ പതിപ്പുകളാണ് ഇവിടെ നിർമിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികൾക്ക് ഉൾപ്പെടെ ഈ വ്യാജ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആശുപത്രികളിലും ഫാർമസികളിലും ഈ മരുന്ന് എത്തിയിട്ടുണ്ട്.
അതിനാൽ ഈ മരുന്നുകൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്തർസംസ്ഥാന ബന്ധങ്ങളുള്ള തട്ടിപ്പായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കർണാടക സർക്കാർ വിവരമറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam