
ദില്ലി: ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തന ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരയുന്ന പ്രതിയാണ് സൽമാൻ. സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്‍ററിന്‍റെ നേതൃത്വത്തിൽ എൻഐഎയുടെയും ഇന്‍റർപോളിന്‍റെ കിഗാലിയിലെ നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൌത്യം നടത്തിയത്.
കഴിഞ്ഞ വർഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയാണ് സൽമാൻ റഹ്മാൻ. ക്രിമിനൽ ഗൂഢാലോചന, പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ-ത്വയിബയിൽ അംഗത്വം, തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ ഭീകര പ്രവർത്തനങ്ങൾക്കായി സൽമാൻ റഹ്മാൻ ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും വിതരണം ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വൻ ആയുധ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് ബംഗളൂരു സിറ്റി പൊലീസ് ഖാനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം നടത്തിയ റെയ്ഡിൽ ഏഴ് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, ഒരു മാഗസിൻ, 45 ബുള്ളറ്റുകൾ, നാല് വാക്കി ടോക്കികൾ എന്നിവ പിടിച്ചെടുത്തിരുന്നു.
ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം, തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കഴിഞ്ഞ വർഷം സൽമാൻ റഹ്മാൻ ഖാനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ഈ വർഷം ആഗസ്ത് 2ന് ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഖാൻ റുവാണ്ടയിലുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു. റുവാണ്ടയിൽ നിന്ന് ഖാനെ ഇന്ത്യയിലെത്തിച്ചത് അന്വേഷണത്തിൽ നിർണായകമാകുമെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ വലിയ വിജയമാണിതെന്നും എൻഐഎ അവകാശപ്പെടുന്നു.
ദില്ലിയിൽ പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം, ആളപായമില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam