തൂക്കുകയറിലേക്ക് നിമിഷങ്ങൾ മാത്രം; നിർഭയ കേസ് കുറ്റവാളികളെ 5.30-ക്ക് തൂക്കിലേറ്റും

By Web TeamFirst Published Mar 20, 2020, 5:19 AM IST
Highlights

കുറ്റവാളികൾക്ക് പ്രാർത്ഥിക്കാൻ പത്ത് മിനിറ്റ് സമയം നൽകി. തൂക്കുകയറിന് തൊട്ടടുത്തുള്ള സെല്ലുകളിലാണ് നാല് പേരെയും രാത്രി പാർപ്പിച്ചത്. നിയമത്തിന്‍റെ അവസാനപഴുതും ഉപയോഗിച്ച ശേഷമാണ് ഇവരെ തൂക്കിലേറ്റുന്നത്.

ദില്ലി: മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് സിംഗ് - 2012-ൽ ഒരു പെൺകുട്ടിയെ രാജ്യതലസ്ഥാനത്ത് ഓടുന്ന ബസ്സിൽ അതിക്രൂരമായി ബലാത്സംഗം ചെയ്ത് പുറത്തേക്ക് വലിച്ചെറിഞ്ഞ നാല് പേർ തൂക്കിലേറ്റപ്പെടാൻ ഇനി നിമിഷങ്ങൾ മാത്രം. 5.30-യ്ക്ക് തന്നെ വധശിക്ഷ നടപ്പാക്കും.

കടുത്ത മാനസികസംഘർഷം കഴിഞ്ഞ ദിവസം പ്രതികൾ അനുഭവിച്ചിരുന്നു എന്നാണ് ജയിലിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. തന്‍റെ എട്ട് വയസ്സുള്ള മകനെ കാണണം എന്ന് അക്ഷയ് സിംഗ് ജയിലിലധികൃതരോടും കോടതിയോടും അഭ്യർത്ഥിച്ചു. ഇതിന് വകുപ്പുണ്ടെങ്കിൽ അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തന്നെ നിർദേശിച്ചെങ്കിലും ജയിൽ മാന്വൽ പ്രകാരം ഇതിന് കഴിയില്ല എന്ന് തിഹാർ ജയിലധികൃതർ അറിയിച്ചു. അക്ഷയ് കുമാറിന്‍റെ കുടുംബം ഇതോടെ ജയിൽ പരിസരത്ത് നിന്ന് മടങ്ങി. 

അവസാനനിമിഷവും ജയിലിൽ തിഹാർ ജയിലധികൃതർ യോഗം ചേർന്നു. ആരാച്ചാർ പവൻ ജല്ലാദും യോഗത്തിൽ പങ്കെടുത്തു. സുപ്രീംകോടതി വിധി സോളിസിറ്റർ ജനറൽ ജയിലധികൃതരെ അറിയിച്ചു. 

തുടർന്ന് ഇവരെ തൂക്കിലേറ്റാനുള്ള അവസാന നടപടികൾ തുടങ്ങി. പ്രതികളുടെ ശാരീരിക ക്ഷമത പരിശോധിച്ചു. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്ന് തിഹാർ ജയിലധികൃതർ വ്യക്തമാക്കി. കുളിച്ച് വരാൻ ഇവരോട് നിർദേശിച്ചു. വേണ്ട, ഇഷ്ടപ്പെട്ട ഭക്ഷണം നൽകി.  ഇവർക്ക് പ്രാർത്ഥിക്കാൻ സമയം നൽകി. പത്ത് നിമിഷത്തെ പ്രാർത്ഥനയ്ക്ക് ശേഷം, അതിന് ശേഷം ചെയ്ത കുറ്റമെന്തെന്ന് വിശദമായി വായിച്ച് കേൾപ്പിച്ചു. 

ജയിലിന് പുറത്ത് കനത്ത സുരക്ഷയുണ്ട്. അ‌ർദ്ധസൈനിക വിഭാഗം ജയിലിന് മുന്നിൽ ക്യാമ്പ് ചെയ്യുന്നു. നിർഭയയ്ക്ക് നീതിയെന്ന പ്ലക്കാർഡുമായി ജനക്കൂട്ടവും പുറത്ത് കാത്ത് നിൽക്കുന്നു.

നിയമപോരാട്ടം, അവസാന പഴുതിലും

അവസാനനിമിഷവും നിയമപോരാട്ടത്തിനിറങ്ങി പ്രതികൾ. വധശിക്ഷ നടപ്പാക്കുന്നതിന് തലേന്ന് 8.50-ന് ദില്ലി ഹൈക്കോടതിയിൽ പ്രതികളുടെ അഭിഭാഷകരെത്തി. പവൻ ഗുപ്ത എന്ന തന്‍റെ കക്ഷിക്ക് പ്രായപൂ‍ർത്തിയായിട്ടില്ല എന്നതടക്കമുള്ള, കോടതി എത്രയോ തവണ പരിഗണിച്ച് തള്ളിയ, ആവശ്യങ്ങൾ വീണ്ടുമുന്നയിച്ച് അഭിഭാഷകൻ എ പി സിംഗിന്‍റെ ഹർജി.

'പ്രസക്തമായ കാര്യമെന്ത്? പ്രതികൾ ദൈവത്തിന് അടുത്തെത്താൻ ഇനി സമയം വളരെ കുറവാണ്. കാര്യം പറയൂ' എന്ന് ചോദിച്ച ഹൈക്കോടതിയോട്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ട്, കൊറോണ കാരണം അതിന് കഴിഞ്ഞില്ല എന്നതടക്കം ബാലിശങ്ങളായ വാദങ്ങൾ ഉന്നയിച്ചു അഭിഭാഷകൻ. 

ദില്ലി സർക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ രാഹുൽ മെഹ്‌റ, തന്റെ എതിർഭാഗം കക്ഷികൾ നിയമവഴികൾ എല്ലാം തേടിയതാണ് എന്നും അതൊക്കെ വിവിധ കോടതികൾ തള്ളിക്കളഞ്ഞതാണ് എന്നും കോടതിയെ അറിയിച്ചു.

ഹൈക്കോടതി ഹർജി നിരുപാധികം തള്ളി. വിധിപ്പകർപ്പ് പോലും കിട്ടാതെ കുറ്റവാളികളുടെ അഭിഭാഷകൻ സുപ്രീം കോടതിയിലേക്ക് ഓടി. 

സുപ്രീംകോടതി റജിസ്ട്രിക്ക് മുന്നിൽ ആവശ്യമുന്നയിച്ചു. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് ബൊപ്പണ്ണ എന്നിവർ ഹർജി പരിഗണിച്ചു. നീതി കിട്ടിയില്ല, ആക്രമണം നേരിടേണ്ടി വന്നു എന്നെല്ലാമുള്ള വാദങ്ങൾ വീണ്ടും.

ഈ വാദങ്ങളൊക്കെ നേരത്തെ ഉന്നയിച്ചതല്ലേ എന്ന് ജസ്റ്റിസ് അശോക്ഭൂഷൻ ചോദിച്ചു. പരമാവധി അഞ്ച് മിനിറ്റ് കൂടി നൽകാമെന്ന് പറഞ്ഞ കോടതി രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതമായ അധികാരമേയുള്ളൂ എന്ന് വ്യക്തമാക്കി. പവൻ ഗുപ്തക്ക് പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്ന വാദങ്ങൾ കോടതികൾ പരിഗണിച്ചില്ല എന്ന വാദം തെറ്റ് എന്നും കോടതി വ്യക്തമാക്കി. 

ഇതെല്ലാം തള്ളിക്കളഞ്ഞ്, സുപ്രീംകോടതിയും ഒടുവിൽ പറഞ്ഞു: ''അവരെ തൂക്കിലേറ്റുക തന്നെ വേണം''.

click me!