ചരിത്രവിധി പിറന്നു; നിര്‍ഭയ കുറ്റവാളികളുടെ അവസാന ഹര്‍ജി സുപ്രീംകോടതി തള്ളി

By Web TeamFirst Published Mar 20, 2020, 3:44 AM IST
Highlights

രാഷ്ട്രപതി എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് പരിമിതമായ അധികാരം മാത്രമേയുള്ളുവെന്നും കോടതി വ്യക്തമാക്കി. കുറ്റവാളികള്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം കോടതി തള്ളി കളഞ്ഞു

ദില്ലി: നാടകീയമായ മണിക്കൂറുകള്‍ക്ക് ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി തള്ളിയത്. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ക്ക് വേണ്ടിയുള്ള ഹര്‍ജി ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് ബൊപ്പണ, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കുറ്റവാളിക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗ് കുറ്റവാളിയായ പവന്‍ ഗുപ്ത പ്രായപൂര്‍ത്തിയായ വ്യക്തിയല്ലെന്നും പവനെ പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് കേസില്‍ പെടുത്തുകയായിരുന്നുവെന്നാണ് ആദ്യം വാദം ഉന്നയിച്ചത്. കൂടാതെ ഈ കേസിന്‍റെ യഥാര്‍ത്ഥ പേര് നിര്‍ഭയ കേസ് എന്നല്ലെന്നും അത് വസന്ത് വിഹാര്‍ എസ്ഐ ഉള്‍പ്പെടുത്തിയതാണെന്നും ഉന്നയിച്ചു. ഒപ്പം കൊവിഡ് 19 മൂലം ഫോട്ടോകോപ്പി എടുക്കാന്‍ പോലും തനിക്ക് സാധിച്ചിട്ടില്ലെന്നും എ പി സിംഗ് കോടതിയില്‍ പറഞ്ഞു.

പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന ചില സ്കൂള്‍ സര്‍ട്ടിഫിക്കേറ്റുകള്‍ എ പി സിംഗ് സമര്‍പ്പിച്ചു. എന്നാല്‍, വിചാരണ സമയത്ത് ഈ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചതല്ലേ, അത് തള്ളിയതല്ലേയെന്നും കോടതി ചോദിച്ചു. വീണ്ടും പവന്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് എ പി സിംഗ് വാദിച്ചത്. എന്നാല്‍, രാഷ്ട്രപതി ദയാഹര്‍ജി തള്ളികളഞ്ഞതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

പൊലീസ് മര്‍ദിച്ചതായുള്ള പവന്‍ ഗുപ്ത നല്‍കി കേസും സിംഗ് കോടതിയുടെ മുന്നില്‍ കൊണ്ടു വന്നു. പവന്‍ ഗുപ്തയുടെ ഒരു മൊഴിയെങ്കിലും രേഖപ്പെടുത്താന്‍ കോടതി തയാറാകണമെന്ന് എ പി സിംഗ് ആവശ്യപ്പെട്ടു. വിചാരണ കോടതിയുടെ  തെറ്റുകള്‍ സുപ്രീംകോടതി തിരുത്തണമെന്നും എ പി സിംഗ് പറഞ്ഞു. 

എന്നാല്‍, മുമ്പ് ഉന്നയിച്ച് കാര്യങ്ങള്‍ വീണ്ടും കൊണ്ട് വരുന്നത് എന്തിനാണെന്നാണ് കോടതി ചോദിച്ചു കൊണ്ടിരുന്നത്. തന്‍റെ പക്കല്‍ നിരവധി രേഖകള്‍ ഉണ്ട്. അതെല്ലാം ലഫ്റ്റനന്‍റ്  ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുകയാണ്. അത് പരിശോധിച്ച് രാഷ്ട്രപതിക്ക് പുതിയ റിപ്പോര്‍ട്ട് നല്‍കാനും അപേക്ഷിച്ചിട്ടുണ്ട്. ഈ കുറ്റവാളികളെ തൂക്കിലേറ്റിയ ശേഷമാണ് ഈ രേഖകള്‍ കോടതിക്ക് മുന്നിലെത്തുന്നതെങ്കില്‍ എന്തു ചെയ്യാനാകും എന്ന് സിംഗ് ചോദിച്ചു.

രാജ്യം മുഴുവന്‍ അവരെ നിര്‍ഭയ കുറ്റവാളികള്‍ എന്ന് വിളിക്കുന്നു. ഇത്രയും വലിയ ശിക്ഷ അവര്‍ ഇതിനകം അനുഭവിച്ച് കഴിഞ്ഞു. വീണ്ടും തൂക്കിലേറ്റുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഈ വാദങ്ങള്‍ എല്ലാം നേരത്തെ പറഞ്ഞതാണെന്നും വീണ്ടും അത് തന്നെ പറയുന്നത് എന്തിനാണെന്ന വാദമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉന്നയിച്ചത്. ഇത് നാലാമത്തെ മരണ വാറന്‍റ് ആണെന്ന് കാണിക്കുന്ന ഒരു ചാര്‍ട്ടും അദ്ദേഹം ഹാജരാക്കി.

എ പി സിംഗ് വീണ്ടും വാദങ്ങള്‍ ഉന്നയിച്ചതോടെ ഞങ്ങള്‍ ഒരു ഉത്തരവിറക്കട്ടെ എന്ന് പറഞ്ഞ് തന്‍റെ നിലപാട് ജസ്റ്റിസ് ഭാനുമതി ഇടയ്ക്ക് വ്യക്തമാക്കുകയും ചെയ്തു. ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുള്ള നിരീക്ഷണങ്ങളാണ് വീണ്ടും കോടതി നടത്തിയത്. അവസാനം തനിക്കറിയാം ഇവരെ തൂക്കിലേറ്റുമെന്ന്, എന്നാല്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിവയ്ക്കൂ എന്ന് തൊഴുകയ്യോടെ എ പി സിംഗ് പറഞ്ഞു. ഇതിന് താങ്കള്‍ ഈ കേസില്‍ ഏറ്റവും മികച്ചതായി വാദിച്ചു എന്ന് പറഞ്ഞ് ജസ്റ്റിസ് ഭാനുമതി എ പി സിംഗിനെ ആശ്വസിപ്പിച്ചു.

എ പി സിംഗിന് ശേഷം ഷംസ് ഖ്വാജ എന്ന അഭിഭാഷകനാണ് കുറ്റവാളികള്‍ക്കായി വാദിക്കാനായെത്തിയത്. രാഷ്ട്രപതി പക്ഷാപാതം കാണിച്ചുവെന്നാണ് അദ്ദേഹം വാദം ഉന്നയിച്ചത്. എന്നാല്‍ അത് ശരിയല്ലെന്നാണ് കോടതി ഈ വാദത്തിന് മറുപടി നല്‍കിയത്. കഴിഞ്ഞ നവംബറില്‍ രാഷ്ട്രപതി വധശിക്ഷ റദ്ദാക്കിയ ഒരു കേസ് ഷംസ് ചൂണ്ടിക്കാണിച്ചു. പവന്‍ ഗുപ്തയ്ക്ക് മറ്റുപ്രതികളെ പോലെ ഈ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നുള്ള വാദവും ഷംസ് ഉന്നയിച്ചു.

പക്ഷേ, ഇതെല്ലാം കോടതി തള്ളി കളഞ്ഞു. രാഷ്ട്രപതി എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് പരിമിതമായ അധികാരം മാത്രമേയുള്ളുവെന്നും കോടതി വ്യക്തമാക്കി. കുറ്റവാളികള്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം കോടതി തള്ളി കളഞ്ഞു. ഇതൊരു അസാധാരണ വാദം എന്ന് ഉത്തരവില്‍ കോടതി രേഖപ്പെടുത്തി. ആവശ്യമായ ചികിത്സ പ്രതികള്‍ക്ക് കിട്ടിയില്ലെന്നുള്ള വാദത്തിലും കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി.  

click me!