Farmers Protest : താങ്ങുവില; നിയമനിർമ്മാണം ഉണ്ടായേക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

By Web TeamFirst Published Nov 27, 2021, 11:08 AM IST
Highlights

താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും നിയമനിർമ്മാണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുവെന്നും ഖട്ടര്‍ പറഞ്ഞു.

ദില്ലി: കാര്‍ഷിക വസ്തുക്കള്‍ക്ക് താങ്ങു വില(MSP) നിശ്ചയിച്ച് നിയമനിർമ്മാണം ഉണ്ടായേക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ(Manohar Lal Khattar). താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും നിയമനിർമ്മാണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുവെന്നും ഖട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി(Narendra Modi) ഖട്ടർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

താങ്ങു വില ഉറപ്പാക്കിയുള്ള നിയമനിർമ്മാണം സർക്കാരിന് അധിക ബാധ്യതയാകുമെന്ന് ഖട്ടർ പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി നിയമം കൂടി കൊണ്ടുവന്നാൽ മാത്രമെ സമരം അവസാനിപ്പിക്കൂ(Farmers Protest) എന്നതാണ് കര്‍ഷകരുടെ നിലപാട്. കൃഷി ചെലവിന്‍റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ താങ്ങുവിലക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.

ഓരോ സംസ്ഥാനങ്ങളിലും ഭക്ഷ്യധാന്യ സംഭരണത്തിന് വ്യത്യസ്ഥ രീതികളാണ് നിലവിലുള്ളത്. കൃഷി ചെലവും കൃഷി രീതികളും വ്യത്യസ്ഥമാണ്. അതിനെ എകീകരിക്കാൻ ഒരു സംവിധാനം ഉണ്ടാക്കാം എന്നതിനപ്പുറത്ത് ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചുള്ള നിയമം പ്രായോഗികമല്ല. മാത്രമല്ല, നിശ്ചിത വിലയിൽ കുറഞ്ഞ് ഉല്പന്നങ്ങൾ വാങ്ങാനാകില്ല എന്നത് നിയമമായാൽ അത് കാര്‍ഷിക വ്യാപാര മേഖലയെ ബാധിക്കുമെന്നും കേന്ദ്രം വാദിക്കുന്നു. 

അതേസമയം കാർഷികവിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നും കർഷകപ്രക്ഷോഭത്തിൽ ജീവൻ ത്യജിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കി.മൂന്ന്‌ കാർഷികനിയമങ്ങളും റദ്ദാക്കണമെന്നും പ്രമേയം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകരുടെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രമേയ ചർച്ചയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 

click me!