ഇൻഷുറൻസ് കമ്പനിയുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 56കാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇൻഷുറൻസ് തുക തട്ടാനായി രണ്ട് ആണ്‍ മക്കൾ ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകമെന്നാണ് കണ്ടെത്തൽ. ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ ചില സംശയങ്ങളെ തുടർന്നാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.
സർക്കാർ സ്കൂളിൽ ലബോറട്ടറി അസിസ്റ്റന്‍റായ 56 കാരനായ ഇ പി ഗണേശനെ ഒക്ടോബറിലാണ് പൊത്താതുർപേട്ട ഗ്രാമത്തിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പ് കടിയേറ്റ് മരിച്ചെന്നാണ് കുടുംബം പറഞ്ഞത്. ഇൻഷുറൻസ് തുക നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയപ്പോൾ,ഗണേശന്‍റെ പേരിൽ ഭീമമായ തുകയ്ക്ക് ഒന്നിലധികം പോളിസികൾ എടുത്തതായി കണ്ടെത്തി. മക്കളുടെ പെരുമാറ്റത്തിലും ഇൻഷുറൻസ് കമ്പനിക്ക് സംശയം തോന്നി. തുടർന്ന് ഇൻഷുറൻസ് കമ്പനി പൊലീസിൽ പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് മക്കളുടെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.
ആദ്യ ശ്രമം വിജയിച്ചില്ല
അച്ഛനെ വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള ശ്രമം ഒരാഴ്ച മുൻപും മക്കൾ നടത്തിയതായി കണ്ടെത്തി. മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് അച്ഛന്റെ കാലിൽ കടിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അന്ന് പല്ലുകൾ ആഴ്ന്നിറങ്ങാതിരുന്നതിനാൽ രക്ഷപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് മറ്റൊരു പാമ്പിനെ കൊണ്ടുവന്ന് കഴുത്തിൽ കടിപ്പിച്ചു. പാമ്പ് എവിടെ നിന്നോ വീടിനുള്ളിൽ കയറുകയായിരുന്നുവെന്ന പ്രതീതിയുണ്ടാക്കാൻ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.
മക്കൾ അച്ഛനെ ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.ഗണേശന്റെ രണ്ട് ആൺമക്കളും പാമ്പിനെ ഏർപ്പാടാക്കി കൊടുത്ത നാല് പേരും ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
