'പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിക്കുന്നു'; ആരോപണവുമായി നിർഭയയുടെ അമ്മ

By Web TeamFirst Published Feb 21, 2020, 11:23 AM IST
Highlights

ഇവരിൽ ഒരാൾ വിചാരണ നടക്കുന്ന സമയത്ത് ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരാളെ പ്രായപൂർത്തിയാകാത്തതിനാൽ ജൂവനൈൽ ഹോമിൽ പാർപ്പിച്ചതിന് ശേഷം വിട്ടയച്ചു. ശേഷിച്ച നാലുപേർക്കാണ് തൂക്കുകയർ വിധിച്ചിരിക്കുന്നത്. മാർച്ച് മൂന്നിനാണ് കുറ്റവാളികളെ തൂക്കിലേറ്റാൻ നിശ്ചയിച്ചിരിക്കുന്നത്. 

ദില്ലി: ദില്ലി കൂട്ടബലാത്സം​ഗ കേസിലെ പ്രതികളുടെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് നിർഭയയുടെ അമ്മ ആശാദേവി കുറ്റപ്പെടുത്തി. അഭിഭാഷകനായ എ പി സിം​ഗിനെതിരെയായിരുന്നു ആശാദേവിയുടെ ആരോപണം. ''നീതി വൈകിപ്പിക്കാൻ പ്രതിയുടെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വിനയ് സിം​ഗ് തികച്ചും ആരോ​ഗ്യവാനാണ്. മാത്രമല്ല അയാൾ മാനസികമായി സ്ഥിരതയുള്ളവനാണ്," ദില്ലിയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേ ആശാദേവി പറഞ്ഞു. 

പ്രതികളിലൊരാളായ വിനയ് സിം​ഗിന്റെ മാനസിക നില ശരിയല്ലെന്നും ഇയാൾ നിരാഹാര  സമരത്തിലാണെന്നും കാണിച്ച് അഭിഭാഷകനായ എ പി സിം​ഗ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആരോഗ്യപരിശോധനയ്ക്കും മെഡിക്കൽ റിപ്പോർട്ടിനും വേണ്ടി ജയിൽ അധികൃതരോട് കോടതിയുടെ നിർദേശം തേടുകയും ചെയ്തിരുന്നു. ലഭ്യമായ എല്ലാ നിയമ വഴികളും സ്വീകരിക്കാൻ ഒരാഴ്ചത്തെ സമയം കോടതി നാല് പ്രതികൾക്കും അനുവദിച്ചിരുന്നു. ഒരേ കുറ്റകൃത്യത്തിലെ പ്രതികളായതിനാൽ ഇവരെ വെവ്വേറെ തൂക്കിലേറ്റാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ വെളിപ്പെടുത്തൽ. 

2012 ഡിസംബർ 16 ന് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിയെ ബസ്സിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ആറ്പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ വിചാരണ നടക്കുന്ന സമയത്ത് ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരാളെ പ്രായപൂർത്തിയാകാത്തതിനാൽ ജൂവനൈൽ ഹോമിൽ പാർപ്പിച്ചതിന് ശേഷം വിട്ടയച്ചു. ശേഷിച്ച നാലുപേർക്കാണ് തൂക്കുകയർ വിധിച്ചിരിക്കുന്നത്. മാർച്ച് മൂന്നിനാണ് കുറ്റവാളികളെ തൂക്കിലേറ്റാൻ നിശ്ചയിച്ചിരിക്കുന്നത്. 

click me!