സൗഹൃദവും ദയയും മറക്കാൻ കഴിയില്ല, ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമ; അനുശോചനമറിയിച്ച് ലോകനേതാക്കൾ

By Web TeamFirst Published Sep 9, 2022, 8:59 AM IST
Highlights

'ഒരു മീറ്റിംഗിനിടെ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല  എന്നെ കാണിച്ചു. ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നു'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു

യുഎസ്: എലിസബത്ത് രാജ്ഞിയുടെ വിയോ​ഗത്തിൽ അനുശോചനക്കുറിപ്പുമായി ലോകനേതാക്കൾ. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ  എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും  ഒരിക്കലും മറക്കില്ല. ഒരു മീറ്റിംഗിനിടെ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല  എന്നെ കാണിച്ചു. ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നു'- മോദി ട്വിറ്ററില്‍ കുറിച്ചു. എലിസബത്ത് രാജ്ഞിയുടെ സൗഹൃദവും ദയയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.  വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചത്.  96-ാമത്തെ വയസിലായിരുന്നു അന്ത്യം. 

I had memorable meetings with Her Majesty Queen Elizabeth II during my UK visits in 2015 and 2018. I will never forget her warmth and kindness. During one of the meetings she showed me the handkerchief Mahatma Gandhi gifted her on her wedding. I will always cherish that gesture. pic.twitter.com/3aACbxhLgC

— Narendra Modi (@narendramodi)

ഒരു കാലഘട്ടത്തെ നിർവചിച്ച വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്ന്  പ്രസിഡന്റ് ജോ ബൈഡൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. യുഎസിന്റെ ചിന്തകളും പ്രാർഥനകളും ബ്രിട്ടനിലെ ജനങ്ങൾക്കൊപ്പമായിരിക്കും. ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം നിർദ്ദേശിച്ചു. തന്റെ പദവിയോട് നീതി പുലർത്തിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അനുശോചനസന്ദേശത്തിൽ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ചത്.  

Our statement on the death of Queen Elizabeth II. pic.twitter.com/0n7pmVVg2w

— President Biden (@POTUS)

സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് രാജ്ഞിയുടെ അന്ത്യം. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. ബുധനാഴ്ചയോടെ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവസാന സമയത്ത്  കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും  ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 

1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.

click me!