
ദില്ലി: ഭരണഘടനപ്രകാരം കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. കശ്മീരിലെ സ്ഥിതിഗതികള്‍ കലുഷിതമായതോടെ പ്രതികരണങ്ങളുമായി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. വീട്ടുതടങ്കലിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തപ്പോള്‍ കേന്ദ്ര നീക്കത്തിന് പിന്നിലെ രാഷ്ട്രീയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
'കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ ഭീതി പടര്‍ത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് എന്തിന് വേണ്ടിയാണ്. രാജ്യ സുരക്ഷയില്‍ എല്ലാവരും തത്പരരാണ്. അതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കുന്നത് കശ്മീരിലെ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പകരം അവരെ അകറ്റുന്ന നടപടി എടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണം'- കെസി വേണുഗോപാല്‍ പറഞ്ഞു.
'നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള, ജനാധിപത്യവാദികളായ ഓരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യത്തിനായി സര്‍ക്കാര്‍ കരുതിവെച്ചതെന്താണോ അതിനെ നേരിടാനൊരുങ്ങുന്ന കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്ക് ഒപ്പമുണ്ടാകും. പാര്‍ലമെന്‍റില്‍ ഇപ്പോഴും സമ്മേളനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ശബ്ദം അവസാനിച്ചിട്ടില്ല'- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലിലായതിന് പിന്നാലെ ശശി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 'അവരെ നമ്മള്‍ ഒഴിവാക്കിയാല്‍ പിന്നെയാരാണ് ബാക്കി കാണുക? ജമ്മു കശ്മീരില്‍ എന്താണ് നടക്കുന്നത്? തെറ്റുചെയ്യാത്ത നേതാക്കളെ എന്തിനാണ് അര്‍ധരാത്രി അറസ്റ്റ് ചെയ്യുന്നത്. കശ്മീരികളും ഇന്ത്യന്‍ പൗരന്മരാണ്. അവരുടെ നേതാക്കള്‍ നമ്മുടെ പങ്കാളികളാണ്. ഭീകരര്‍ക്കെതിരെ നീങ്ങുമ്പോള്‍ മുഖ്യധാരയിലുള്ളവരെ നമ്മള്‍ കൂടെനിര്‍ത്തേണ്ടതല്ലേ'- അദ്ദേഹം ചോദിച്ചു.
ജമ്മു കശ്മീരിലെ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. ജമ്മു കശ്മീര്‍ പ്രശ്നം കശ്മീര്‍ ജനതയും ഇന്ത്യയുടെ ഭാഗമാണെന്ന തോന്നല്‍ അവിലുണ്ടാക്കുന്നതില്‍ സ്വാതന്ത്ര്യത്തിന് ശേഷം വന്ന കേന്ദ്ര സര്‍ക്കാരുകള്‍ വീഴ്ച വരുത്തി. ജമ്മു കശ്മീരിലെ നിലവിലെ പ്രശ്നം നരേന്ദ്ര മോദിയും അമിത് ഷായുമുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥ പരിഹാരത്തിനാണോ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണോ എന്ന് സംശയിക്കുന്നെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു.
ജമ്മു കശ്മീരിൽ അപ്രതീക്ഷിത നീക്കങ്ങളിൽ പ്രതികരണവുമായി ബിജെപി അനുഭാവിയും നടനുമായ അനുപം ഖേറും രംഗത്തെത്തിയിരുന്നു. കശ്മീരില്‍ പരിഹാര മാർഗങ്ങൾ തുടങ്ങിയെന്നാണ് നിലവിലെ സംഭവവികാസങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam