എംഎല്‍എമാരുടെ രാജി: സിദ്ധരാമയ്യക്ക് പങ്കെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയം

By Web TeamFirst Published Jul 7, 2019, 3:09 PM IST
Highlights

ബിജെപി കേന്ദ്ര നേതൃത്വം നിശബ്ദമായി സ്ഥിതി നിരീക്ഷിക്കുകയാണ്. അമിത് ഷാ ഉൾപ്പടെയുള്ളവർ സംസ്ഥാന നേതാക്കളുമായി സംസാരിച്ചു. എംഎൽഎമാർ രാജിയിൽ ഉറച്ചു നിന്നാൽ ഗവർണ്ണർ ഭൂരിപക്ഷം തെളിയിക്കാൻ എച്ച് ഡി കുമാരസ്വാമിയോട് ആവശ്യപ്പെട്ടേക്കും

ദില്ലി: കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയനാടകങ്ങളില്‍ പാളയത്തിനകത്ത് പടയൊരുക്കം സംശയിച്ച് കോണ്‍ഗ്രസ് നേതൃത്വം. ചാടിപ്പോയ എംഎല്‍എമാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തുന്ന ഒരു മുതിര്‍ന്ന നേതാവ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജിവച്ച എംഎല്‍എമാരില്‍ ഒരു വിഭാഗമെങ്കിലും സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും രാജിനീക്കം സംബന്ധിച്ച നാടകങ്ങള്‍ സിദ്ധാരാമയ്യയുടെ അറിവോടെയാണ് നടക്കുന്നതെന്നും മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാളയത്തിലെ കള്ളന്‍ എന്നാണ് എംഎല്‍എമാരുമായി സംസാരിച്ച മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ വിശേഷിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം,. 

കർണ്ണാടകത്തിൽ പതിമൂന്ന് എംഎൽഎമാർ ഒന്നിച്ച് രാജിവയ്ക്കാൻ തീരുമാനിച്ചത് കോൺഗ്രസ് നേതൃത്വം അറിഞ്ഞത് ഏറെ വൈകി. സംസ്ഥാന ആഭ്യന്തരമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്നാണ് എഐസിസി വിലിയിരുത്തൽ. കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയിലേക്കെത്തിയതിൽ രാഹുൽ ഗാന്ധിയും ചില സംസ്ഥാന നേതാക്കളെ അതൃപ്തി അറിയിച്ചു.

ഈ ഘട്ടത്തിലാണ് സിദ്ധരാമയ്യയുടെ പങ്ക് നാടകത്തിൽ എഐസിസി സംശയിക്കുന്നത്. പുതിയ അദ്ധ്യക്ഷനെക്കുറിച്ചുള്ള ചർച്ചയ്ക്കായി ദില്ലിയിലായിരുന്ന മല്ലികാർജ്ജുൻ ഖാർഗയേയും ബംഗ്ളൂരുവിലേക്ക് അയച്ചത് ഈ പശ്ചാത്തലത്തിലാണ്. മറുകണ്ടം ചാടിയ എംഎല്‍എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മല്ലികാര്‍ജുനഖാര്‍ഗ്ഗെ മുഖ്യമന്ത്രിയാവണം എന്നാണ് മറ്റു ചിലരുടെ നിലപാട്. 

കര്‍ണാടക മുന്‍മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ജെഡിഎസ് സഖ്യത്തെ തുടക്കം തൊട്ട് എതിര്‍ക്കുന്നയാളാണ്. മുന്‍ജെഡിഎസുകാരനായ സിദ്ധരാമയ്യ പാര്‍ട്ടിയിലെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കുമാരസ്വാമി സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ സിദ്ധരാമയ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും അതൃപ്തി രഹസ്യമായും പരസ്യമായും പ്രകടിപ്പിക്കുന്നുണ്ട്. 

ഇപ്പോള്‍ ഉണ്ടായ രാഷ്ട്രീയ നാടകത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള എംഎല്‍എമാരെങ്കിലും രാജിവച്ചിരിക്കുന്നത് സിദ്ധരാമയ്യയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് പാര്‍ട്ടി സംശയിക്കുന്നത്. 

ബിജെപി കേന്ദ്ര നേതൃത്വം നിശബ്ദമായി സ്ഥിതി നിരീക്ഷിക്കുകയാണ്. അമിത് ഷാ ഉൾപ്പടെയുള്ളവർ സംസ്ഥാന നേതാക്കളുമായി സംസാരിച്ചു. എംഎൽഎമാർ രാജിയിൽ ഉറച്ചു നിന്നാൽ ഗവർണ്ണർ ഭൂരിപക്ഷം തെളിയിക്കാൻ എച്ച് ഡി കുമാരസ്വാമിയോട് ആവശ്യപ്പെട്ടേക്കും. ദേവഗൗഡയേയും കുടുംബത്തേയും ഒതുക്കാനുള്ള നീക്കങ്ങളുടെ അനന്തരഫലമാണ് ഇപ്പോള്‍ കാണുന്നതെന്ന് ബെംഗളൂരുവിലെത്തിയ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.  

രാജിവയ്ക്കുന്ന എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ബിജെപി വാഗ്ദാനം ചെയ്തു എന്നാണ് കോൺഗ്രസിനു കിട്ടിയിരിക്കുന്ന സൂചന. സ്പീക്കറുടെ അധികാരത്തെക്കുറിച്ച് നിയമോപദേശം തേടിയ കോൺഗ്രസ് തമിഴ്നാട് മാതൃകാ നീക്കവും ആലോചിക്കുന്നുണ്ട്. രാജിയിൽ ഉറച്ചുനില്ക്കുന്ന ചിലരെ കൂറുമാറിയതായി കണക്കാക്കി അയോഗ്യരാക്കുന്നത് മറ്റുള്ളവർക്ക് താക്കീതാവുമെന്ന് കോൺഗ്രസ് ക്യാംപ് കരുന്നു.. നാടകം തുടർന്നാൽ പിന്നെ പന്ത് ഗവർണ്ണറുടെ കോർട്ടിലാകും എന്നതാണ് കോൺഗ്രസിനെ അലട്ടുന്നത്.

click me!