ഖാർഗെ മുതൽ പൈലറ്റ് വരെ അഭ്യൂഹങ്ങൾ; കോൺഗ്രസ് അദ്ധ്യക്ഷനായി കാത്തിരിക്കുകയെന്ന് നേതാക്കൾ

By Web TeamFirst Published Jul 7, 2019, 12:55 PM IST
Highlights

നാളെ വൈകിട്ട് വീണ്ടും കൂടിയാലോചന തുടങ്ങും. മല്ലികാർജ്ജുന ഖാർഗെയുടെ പേരാണ് എഐഎസിയിലെ പ്രബല വിഭാഗം ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്


ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചയിൽ മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് ശക്തമായി മുന്നോട്ട് വച്ച് മുതിർന്ന നേതാക്കൾ. യുവനേതൃത്വം വേണമെന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ പ്രസ്താവനയ്ക്ക് പിന്നിൽ സച്ചിൻ പൈലറ്റാണെന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം.

കോൺഗ്രസ് അദ്ധ്യക്ഷനായി കാത്തിരിക്കുക. ഇന്നലെ നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷം ഇതായിരുന്നു പാർട്ടി നേതാക്കളുടെ പ്രതികരണം. കർണ്ണാടകത്തിലെ പ്രതിസന്ധി ചർച്ചകളെ ബാധിച്ചിട്ടുണ്ട്. നാളെ വൈകിട്ട് വീണ്ടും കൂടിയാലോചന തുടങ്ങും. മല്ലികാർജ്ജുന ഖാർഗെയുടെ പേരാണ് എഐഎസിയിലെ പ്രബല വിഭാഗം ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. 

അഹമ്മദ് പട്ടേൽ ഉൾപ്പടെയുള്ളവർക്ക് ഖാർഗെയോടാണ് താല്പര്യം. സുശീൽകുമാർ ഷിൻഡയെ രാഹുലുമായി അടുപ്പമുള്ള നേതാക്കൾ ശക്തമായി എതിർക്കുകയാണ്. അശോക് ഗെലോട്ട് രാജസ്ഥാൻ വിടാൻ താല്പര്യമില്ലെന്ന നിലപാടിലാണ്. എന്നാൽ, സച്ചിൻ പൈലറ്റ് അദ്ധ്യക്ഷനാവാൻ ശക്തമായി രംഗത്തുണ്ടെന്നാണ് നേതാക്കൾ നല്കുന്ന സൂചന. 

യുവ നേതൃത്വം വേണമെന്ന് ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടത് പാർട്ടിയിലെ ഭിന്നത വെളിപ്പെടുത്തി. സച്ചിൻ പൈലറ്റിന്‍റെ ഇടപെടലാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലെന്ന് മറു വിഭാഗം കരുതുന്നു. നരേന്ദ്ര മോദിക്ക് ഒബിസി പിന്തുണ നേടാനായ സാഹചര്യത്തിൽ ഇതേ വിഭാഗത്തിലെ പൈലറ്റ് നേതൃത്വത്തിലേക്ക് വരുന്നത് ഉചിതമാകും എന്ന വാദവുമുണ്ട്.  

സച്ചിൻ പൈലറ്റ് നേതൃത്വത്തിലേക്ക് വരുന്നതിനോട്, ഗാന്ധി കുടുംബത്തിനായിരിക്കണം നിയന്ത്രണം എന്ന് വാദിക്കുന്നവർക്ക് താല്പര്യമില്ല. യുവനേതാവെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് ഇവരുടെ പിന്തുണ. സിന്ധ്യ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചെന്ന് അഭ്യൂഹമുണ്ടെങ്കിലും പാ‍ർട്ടി സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ചയോടെ സമവായത്തിലെത്താനാണ് ശ്രമമെന്ന് നേതാക്കൾ വ്യക്തമാക്കി.

click me!