
തിരുവനന്തപുരം/ബെംഗളൂരു : ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ സുപ്രധാന കേന്ദ്രങ്ങളിൽ നേതൃമാറ്റം തുടരുന്നു. ഐഎസ്ആർഒയുടെ ഉപഗ്രഹ വികസന കേന്ദ്രമായ ബെംഗളൂരു യു.ആർ.റാവു സാറ്റലൈറ്റ് സെൻ്ററിൽ (URSC) ദിനേഷ് കുമാർ സിംഗ് പുതിയ മേധാവിയാകും. നിലവിൽ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൻ്റെ (HSFC) ഡയറക്ടറാണ് ദിനേഷ് കുമാർ സിംഗ്. യുആർഎസ്‍സിയുടെ ഇപ്പോഴത്തെ മേധാവി എം.ശങ്കരൻ ഈ മാസം 31ന് വിരമിക്കും.
ദിനേഷ് കുമാർ സിംഗ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൽ നിന്ന് മാറുന്ന ഒഴിവിൽ മലയാളിയായ ബിജു എസ്.ആർ HSFC മേധാവിയാകും. വിഎസ്‍എസ്‍സിയിൽ പ്രൊജക്ട്സ് വിഭാഗം ഡയറക്ടറും, ഗഗൻയാൻ പ്രൊഗ്രാം ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ ചുമതല. പിഎസ്എൽവി പ്രൊജക്ട് ഡയറക്ടറായിരുന്ന ബിജു എസ്.ആർ നിരവധി നിർണായക വിക്ഷേപണ ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിച്ചയാളാണ്.
ഉത്തർപ്രദേശിലെ വരാണസിയിൽ ജനിച്ച ദിനേഷ് കുമാർ സിംഗ് 37 വർഷം മുമ്പാണ് ഐഎസ്ആർഒയിലെത്തിയത്. ഉപഗ്രഹ സാങ്കേതിക വിദ്യയിലും ഭരണനിർവഹണത്തിലും കഴിവുതെളിയിച്ച ശാസ്ത്രജ്ഞനാണ്. അഹമ്മദാബാദ് സ്പേസ് അപ്ലിക്കേഷൻസ് സെൻ്ററിൽ റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് വിഭാഗം അസോസിയേറ്റ് ഡയറക്‌ടർ, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി ഏരിയ ഡെപ്യൂട്ടി ഡയറക്ടർ എന്നീ പദവികൾ വഹിച്ച ശേഷം 2024 ജൂലൈയിലാണ് ദിനേഷ് കുമാർ സിംഗ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൻ്റെ (HSFC) ഡയറക്ടറായത്. അതിനും മുമ്പ് റേഡിയോ ഫ്രീക്വൻസി സിസ്റ്റംസ് ഗ്രൂപ്പ് ആന്ട്രിക്സ് കോർപ്പറേഷനിൽ പേലോഡ് എഞ്ചിനീയറിംഗ് മാനേജരായും അമേരിക്കയിൽ ബോയിംഗ് സാറ്റലൈറ്റ് സിസ്റ്റംസിൽ സാങ്കേതിക കൺസൾട്ടൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
HBTI Kanpur (Harcourt Butler Technological Institute)ൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബി ടെകും, IIT-BHU Varanasi നിന്ന് മൈക്രോവേവ് എഞ്ചിനീയറിംഗിൽ എം ടെകും പൂർത്തിയാക്കിയ ശേഷം 1989 ജൂലൈയിലാണ് ഡി.കെ.സിംഗ് ഐഎസ്ആർഒയിൽ ചേർന്നത്. സ്പേസ് ആപ്ലിക്കേഷൻ സെൻ്ററിലായിരുന്നു തുടക്കം. ഇൻസാറ്റ് 2 ഉപഗ്രഹ ശ്രേണിയുടെ വികസനത്തിൽ നിണായക പങ്കുവഹിച്ചു. തദ്ദേശീയ ഗതിനിർണ്ണയ ഉപഗ്രഹ ശൃംഖലയായ നാവിക്കിന് പിന്നിലും പ്രവർത്തിച്ചു. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ചത് ദിനേഷ് കുമാർ സിംഗ് ഡയറക്ടറായ സമയത്താണ്.
ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ മലയാളിയല്ലാത്ത ആദ്യ മേധാവിയായിരുന്നു സിംഗ്. പിന്നീട് വിഎസ്എസ്‍സി മേധാവിയായ ഡോ.എസ് ഉണ്ണിക്കൃഷ്ണൻ നായരായിരുന്നു എച്ച്എസ്എഫ്സിയുടെ സ്ഥാപക മേധാവി. രണ്ടാം മേധാവി ആർ ഉമാമഹേശ്വരനും മലയാളിയായിരുന്നു. പിന്നീട് എൽപിഎസ്‍സി മേധാവിയായ എം. മോഹൻ ആയിരുന്നു മൂന്നാമത്തെ സെന്‍റർ മേധാവി. ആ സമയത്താണ് ഗഗൻയാൻ ശ്രേണിയിലെ ആദ്യ ടെസ്റ്റ് വെഹിക്കിൾ ദൗത്യം നടന്നത്. അതിന് ശേഷമായിരുന്നു ഡി.കെ.സിംഗിന്‍റെ വരവ്. ഇപ്പോൾ അഞ്ചാമത്തെ മേധാവിയായി ബിജു.എസ്.ആർ എത്തുന്നു.
ഐഎസ്ആർഒയുടെ സുപ്രധാന കേന്ദ്രങ്ങളുടെ മേധാവിമാരെല്ലാം കഴിഞ്ഞ എട്ട് മാസത്തിനിടെ മാറി, വിവിധ കേന്ദ്രങ്ങളുടെ പുതിയ മേധാവിമാർ ഇവരൊക്കെയാണ്
വിക്രം സാരാഭായ് സ്പേസ് സെൻ്റർ, തിരുവനന്തപുരം - ഡോ. യു.പി.രാജീവ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ, തിരുവനന്തപുരം - എൻ. ജയൻ സതീഷ് ധവാൻ സ്പേസ് സെൻ്റർ, ശ്രീഹരിക്കോട്ട - എസ്.മുത്തുച്ചെഴിയാൻ യു.ആർ.റാവു സാറ്റലൈറ്റ് സെൻ്റർ, ബെംഗളൂരു - ദിനേഷ് കുമാർ സിംഗ് ഐഎസ്ആർഒ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് സെൻ്റർ, ബെംഗളൂരു - എം.ആർ.രാഘവേന്ദ്ര സ്പേസ് ആപ്ലിക്കേഷൻസ് സെൻ്റർ, അഹമ്മദാബാദ് - ഡോ. സി.വി.എൻ.റാവു ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്റർ - ബിജു എസ്.ആർ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്കൽ സിസ്റ്റംസ്, ബെംഗളൂരു - ആർ.വെങ്കടേശ്വരൻ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ്, തിരുവനന്തപുരം - ജോജി ജെ.ചാമൻ
സെപ്റ്റംബർ നാലിന് ജിഎസ്എൽവി എഫ് 17 വിക്ഷേപണം നടക്കുമ്പോൾ ഈ പുതിയ നേതൃനിരയാകും തലപ്പത്തുണ്ടാകുക. GISAT 1A (EOS-05) ഉപഗ്രഹമാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. എട്ട് മാസത്തിന് ശേഷം വിക്ഷേപണ ദൗത്യങ്ങളിലേക്ക് ഐഎസ്ആർഒ തിരിച്ചെത്തുമ്പോൾ വലിയ പ്രതീക്ഷയാണുള്ളത്. ഈ വർഷം അവസാനിക്കും മുമ്പ് ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം നടത്തുമെന്നാണ് പ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam