
ദില്ലി: അമേരിക്കയിലെ രണ്ടാമത്തെ ബാച്ച് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്ന് റിപ്പോർട്ട്. രാജ്യത്തെത്തിയ കുടിയേറ്റക്കാരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇന്നലെ അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിച്ചവരെ വിലങ്ങുവച്ചിരുന്നില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനധികൃത 119 കുടിയേറ്റക്കാരുമായി രണ്ടാമത്തെ യുഎസ് സൈനിക വിമാനം ശനിയാഴ്ച രാത്രിയാണ് അമൃത്‍സറിൽ എത്തിയത്. യാത്രയിലുടനീളം ഞങ്ങളുടെ കാലുകൾ ചങ്ങലയിട്ടും കൈകൾ ബന്ധിക്കുകയും ചെയ്തുവെന്ന് ഇവർ ആരോപിച്ചു. നാടുകടത്തപ്പെട്ടവരുടെ ആദ്യ ബാച്ചും സമാനമായ പരാതികൾ ഉന്നയിച്ചിരുന്നു.
നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചിൽ പഞ്ചാബിൽ നിന്നുള്ള 65 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും ഗുജറാത്തിൽ നിന്നുള്ള എട്ട് പേരും ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വ്യക്തിയും ഉൾപ്പെടുന്നു. യുഎസിലേക്ക് കൊണ്ടുപോയത് അപകടകരമായ ഡങ്കി റൂട്ട് വഴിയാണെന്ന് പലരും പറഞ്ഞു. പഞ്ചാബ്, ഹരിയാന സർക്കാരുകൾ നാടുകടത്തപ്പെട്ടവർക്കായി പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കി. 157 നാടുകടത്തപ്പെട്ടവരുമായി മൂന്നാമത്തെ വിമാനം ഞായറാഴ്ച അമൃത്സറിൽ ഇറങ്ങും.
13 കുട്ടികളടക്കം 104 പേരെ വഹിച്ചുകൊണ്ട് ഫെബ്രുവരി 5നാണ് ആദ്യവിമാനം അമൃത്സറിൽ എത്തിയത്. കൈകാലുകളിൽ വിലങ്ങണിയിച്ചാണ് ഇവരെ എത്തിച്ചത്. തുടർന്ന് പ്രതിഷേധമുയർന്നിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോടെ കാര്യങ്ങളിൽ അയവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക മാന്യമായി പരിഗണിക്കുമെന്നും സൈനിക വിമാനത്തിന് പകരം യാത്രാ വിമാനം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഴയപടി തന്നെയാണ് അമേരിക്ക ഇന്ത്യൻ കുടിയേറ്റക്കാരോട് പെരുമാറുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam