'കൂടോത്രം' പേടിയില്‍ ചെറുനാരങ്ങ നിയമസഭയില്‍ വിലക്കി കര്‍ണ്ണാടക സര്‍ക്കാര്‍

By Web TeamFirst Published Jul 6, 2019, 5:38 PM IST
Highlights

ചെറുനാരങ്ങയും ഭസ്മവും സിന്ദൂരവും ഒന്നും നിയമസഭയില്‍ എത്തിക്കേണ്ട വസ്തുക്കള്‍ അല്ലെന്ന നിലപാടിലാണ് പൊലീസ്.  ഇക്കഴിഞ്ഞയിടെ ഒരാള്‍ വിധാന്‍ സൗധയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 

ബംഗലൂരു: കര്‍ണാടക നിയമസഭ ചെറുനാരങ്ങ വിലക്കിയിരിക്കുകയാണ്. 11 എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയിലാണ് പുതിയ നിരോധന വാര്‍ത്ത ശ്രദ്ധേയമാകുന്നത്. വിധാന്‍ സൗധയിലും അനുബന്ധ ഓഫീസുകളിലും ചെറുനാരങ്ങയുമായി പ്രവേശിക്കാന്‍ പാടില്ലെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. 

ജൂണ്‍ 12നാണ് നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്. എന്നാല്‍ അതിന് മുന്‍പേ സര്‍ക്കാര്‍ നിലംപതിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. എങ്കിലും നിയമസഭ സമ്മേളനത്തിന് മുന്‍പ് സുരക്ഷ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി നിരോധിച്ച വസ്തുക്കളില്‍ ചെറുനാരങ്ങയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നാരങ്ങയും ഭസ്മവും സിന്ദൂരവും വച്ച് ആഭിചാരം ചെയ്യുന്നത് ചിലയിടങ്ങളില്‍ പതിവാണ്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം എന്നാണ് പ്രദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. 

ചെറുനാരങ്ങയും ഭസ്മവും സിന്ദൂരവും ഒന്നും നിയമസഭയില്‍ എത്തിക്കേണ്ട വസ്തുക്കള്‍ അല്ലെന്ന നിലപാടിലാണ് പൊലീസ്.  ഇക്കഴിഞ്ഞയിടെ ഒരാള്‍ വിധാന്‍ സൗധയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് ശേഷം നിയമസഭയില്‍  നിരോധിച്ച വസ്തുക്കളുടെ കൂട്ടത്തില്‍ ഒന്നുമാത്രമാണ് ചെറുനാരങ്ങയെന്നാണ് പൊലീസ് പറയുന്നത്. സിഗരറ്റ്, തീപ്പെട്ടി ലൈറ്റര്‍, ചെറിയ കത്തിമുതല്‍ക്കുള്ള ആയുധങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ടെന്നും പൊലീസ് പറയുന്നു.

2011 ല്‍ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിന് തലേന്ന് സിന്ദൂരവും മഞ്ഞള്‍പ്പൊടിയും പൂശിയ നൂറുകണക്കിന് ചെറുനാരങ്ങകള്‍ നിയമസഭയില്‍ കാണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. യെദ്യൂരപ്പയ്ക്ക് വേണ്ടി ആഭിചാരക്രിയ നടത്തിയതിന്‍റെ അവശേഷിപ്പുകളാണ് ഇതെന്ന് അന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതുപോലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചെറുനാരങ്ങകൊണ്ട് മുഖ്യമന്ത്രി കസേരയില്‍ സ്പര്‍ശിക്കുന്ന സിസിടിവി വീഡിയോ പുറത്തുവന്നതും കൂടോത്രമാണെന്ന് വാര്‍ത്ത പരന്നിരുന്നു.

എന്തായാലും ചെറുനാരങ്ങ നിരോധിച്ചിട്ടും ആരുടെയൊക്കെയോ രാഷ്ട്രീയ 'കൂടോത്രം' ഫലിച്ചോ എന്നതാണ് ഇപ്പോള്‍ കര്‍ണ്ണാടകയിലെ ചര്‍ച്ച. അത്തരത്തിലുള്ള പ്രതിസന്ധിയിലേക്കാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ‍ഡിഎസ് സര്‍ക്കാര്‍ വീണുകൊണ്ടിരിക്കുന്നത്.ഭരണപക്ഷത്ത് നിന്നും രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴാനുള്ള സാധ്യത ശക്തമായി. രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ നടത്തിയ നീക്കങ്ങളൊന്നും തന്നെ ഫലം കണ്ടിട്ടില്ല എന്നാണ് വിവരം. 

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയടക്കമുള്ള എംഎല്‍എമാരാണ് ഇന്ന് രാജിവച്ചിട്ടുള്ളത്. പാര്‍ട്ടിയിലും സര്‍ക്കാരിലും രാമലിംഗറെഡ്ഡിക്ക് ഉചിതമായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ അനുയായികളായ എംഎല്‍എമാര്‍ രാജിവച്ചിരിക്കുന്നതെന്നാണ് വിവരം. രാമലിംഗ റെഡ്ഡിക്ക് താക്കോല്‍ സ്ഥാനം നല്‍കി ഇവരെ അനുനയിപ്പിക്കാനാവുമോ എന്ന് കോണ്‍ഗ്രസ് നോക്കുന്നുണ്ട്. അതേസമയം രാജിവച്ച എംഎല്‍എമാരെ ബിജെപി നേതൃത്വം ഇന്നു തന്നെ മുംബൈക്ക് കൊണ്ടും പോകും എന്നാണ് വിവരം. 14 എംഎല്‍എമാര്‍ ഇന്ന് രാജിവച്ചു എന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

click me!