കോൺഗ്രസ് ആരോപണങ്ങൾക്കിടെ ഫേസ്ബുക്കിനെതിരെ കേന്ദ്ര സർക്കാർ, സുക്കർബർഗിന് നിയമ മന്ത്രിയുടെ കത്ത്

By Web TeamFirst Published Sep 1, 2020, 7:42 PM IST
Highlights

ഫേസ്ബുക്കിനെതിരെ കേന്ദ്ര സർക്കാർ. അതൃപ്തിയറിയിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഫെയ്സ് ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചു. 

ദില്ലി: കോൺഗ്രസ് ആരോപണങ്ങൾ ശക്തമാക്കുന്നതിനിടെ ഫേസ്ബുക്കിനെതിരെ കേന്ദ്ര സർക്കാർ. അതൃപ്തിയറിയിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചു. പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. സാമൂഹിക അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നും കത്തിൽ പറയുന്നു.

രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകൾ ഇത്തരം പ്രശ്നങ്ങൾ ആളിക്കത്തിക്കുന്നു. ബിജെപി അനുകൂല പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഇത്തരം നടപടികളുണ്ടായിരുന്നു. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും കത്തിൽ പറയുന്നു.

നേരത്തെ, ഫേസ്ബുക്ക് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യേണ്ടെന്ന് അംഖി ദാസ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

തുടര്‍ന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പിന്നീട് ശശി തരൂര്‍ തലവനായ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് അധികൃതരെ വിളിച്ചുവരുത്താന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ കത്ത്.

ഫയൽ ചിത്രം

click me!