ജയ്പൂർ അമേർ വാച്ച് ടവറിൽ സെൽഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 മരണം

By Web TeamFirst Published Jul 12, 2021, 8:46 AM IST
Highlights

മുഖ്യമന്ത്രി അശോക് ഗെലോട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. വാച്ച്ടവർ ദുരന്തത്തിന് പുറമേ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളിൽ നിന്നായി ഏഴ് മരണങ്ങൾ കൂടി റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.

ജയ്‍പൂർ: ജയ്പൂരിലെ അമേർ കൊട്ടാരത്തിലെ വാച്ച്‍ടവറിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് വൻ ദുരന്തം. 11 പേർ ഇടിമിന്നലേറ്റ് മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ഇടിമിന്നലേൽക്കുമ്പോൾ വാച്ച് ടവറിൽ നിരവധിപ്പേരുണ്ടായിരുന്നു. ടവറിന് ഏറ്റവും മുകളിലുണ്ടായിരുന്നത് 27 പേരാണ്. കുറച്ച് പേർ ഇടിമിന്നലേറ്റാണ് മരിച്ചതെങ്കിൽ, ബാക്കിയുള്ളവർ ഭയന്ന് ടവറിൽ നിന്ന് ചാടിയതിനെത്തുടർന്നുണ്ടായ പരിക്കുകളെത്തുടർന്നാണ് മരിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

മുഖ്യമന്ത്രി അശോക് ഗെലോട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 

വാച്ച്ടവർ ദുരന്തത്തിന് പുറമേ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളിൽ നിന്നായി ഏഴ് മരണങ്ങൾ കൂടി റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ ഏഴ് പേർ കുട്ടികളാണെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ജാൽവാർ, കോട്ട, ധോൽപൂർ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 

രാജസ്ഥാനിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. തിങ്കളാഴ്ച അടക്കം സംസ്ഥാനത്തെമ്പാടും വ്യാപകമായി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

click me!