ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ 60 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുംബൈ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി.

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കുമെതിരെ 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുംബൈ പോലീസ് വഞ്ചനാക്കുറ്റം കൂടി ചുമത്തി. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ബെസ്റ്റ് ഡീൽ ടിവി' എന്ന കമ്പനിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 2016-ലെ നോട്ട് നിരോധന കാലം മുതൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതുകൊണ്ടാണ് പണം നൽകാൻ കഴിയാത്തതെന്നുമാണ് രാജ് കുന്ദ്ര പോലീസിന് നൽകിയിരിക്കുന്ന മൊഴി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയതോടെ ഇരുവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ ദമ്പതികളെ വിശദമായി ചോദ്യം ചെയ്യും. ഇതിനിടെ ഇവരുടെ ബംഗളൂരുവിലെ സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുതെന്ന് ഇരുവർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശയാത്രയ്ക്ക് അനുമതി തേടി ഇവർ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും 60 കോടി രൂപ കോടതിയിൽ കെട്ടിവെക്കാതെ യാത്ര അനുവദിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിസിനസ്സിലുണ്ടായ നഷ്ടത്തെ ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുകയാണെന്നുമാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും പ്രതികരിക്കുന്നത്. എന്നാൽ 2015 മുതൽ 2023 വരെയുള്ള കാലയളവിൽ ലഭിച്ച 60.48 കോടി രൂപ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പകരം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.