ക്യാപ്റ്റൻ സ്മിത് മച്ചാറിനെപ്പോലെ അന്ന് നീരജയും; വിമാനം റാഞ്ചിയ ഭീകരർക്ക് മുന്നിൽ പതറിയില്ല, യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് വീണു

Published : Oct 01, 2026, 12:16 PM IST
captain smit machchhar neeraja bhanot

Synopsis

1986-ൽ പാകിസ്ഥാനിൽവെച്ച് ഭീകരർ വിമാനം റാഞ്ചിയപ്പോഴാണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി കാബിൻ ക്രൂ മാനേജരായിരുന്ന നീരജ സ്വന്തം ജീവൻ ബലികഴിച്ചത്. ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന ആ ധീരവനിതയെ 1987-ൽ മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം ആദരിക്കുകയുംചെയ്തു.

ന്യൂഡൽഹി: ദുബായ്-ടെൽ അവീവ് വിമാനത്തിൽ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും ആക്രമണം ചെറുത്ത് യാത്രക്കാരെ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ആണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയ ലോകനേതാക്കളടക്കം സ്മിത് മച്ചാറിന്റെ ധീരതയെ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞദിവസം സ്മിത് മച്ചാർ പ്രകടപ്പിച്ച അസാമാന ധൈര്യത്തിന് ഏവരും കൈയടിക്കുമ്പോഴാണ് 40 വർഷം മുൻപ് സമാനമായ സാഹചര്യത്തെ ധീരതയോടെ നേരിട്ട നീരജ ബാനോട്ടും ഓർമകളിൽ നിറയുന്നത്.

1986-ൽ പാകിസ്ഥാനിൽവെച്ച് ഭീകരർ വിമാനം റാഞ്ചിയപ്പോഴാണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി കാബിൻ ക്രൂ മാനേജരായിരുന്ന നീരജ സ്വന്തം ജീവൻ ബലികഴിച്ചത്. ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന ആ ധീരവനിതയെ 1987-ൽ മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം ആദരിക്കുകയുംചെയ്തു.

അന്ന് സംഭവിച്ചത്...

1986 സെപ്റ്റംബർ അഞ്ചിനാണ് മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് യാത്രതിരിച്ച Pan Am 73 വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽവെച്ച് ഭീകരർ ഹൈജാക്ക് ചെയ്തത്. കറാച്ചി വിമാനത്താവളത്തിലെത്തിയ വിമാനത്തിലേക്ക് അബു നിദാൽ എന്ന ഭീകരസംഘടനയിലെ നാലുപേർ ആയുധങ്ങളുമായി ഇരച്ചുകയറുകയായിരുന്നു.

സുരക്ഷാ ഉദ്യോ​ഗസ്ഥരെന്ന വ്യാജേനയാണ് ഭീകരർ വിമാനത്താവളത്തിൽ കയറിപ്പറ്റിയത്. പിന്നാലെ വിമാനത്തിനുള്ളിലേക്കെത്തി ഇവർ നിയന്ത്രണം കൈക്കലാക്കി. ഈ വിമാനത്തിലെ കാബിൻ മാനേജരായിരുന്നു ലീഡ് ഫ്ളൈറ്റ് അറ്റൻഡന്റായ നീരജ. നാലം​ഗസംഘം വിമാനത്തിനുള്ളിലേക്ക് കയറിയപ്പോൾ അവർക്ക് അപകടം മണത്തു. ഉടൻതന്നെ നീരജ പൈലറ്റുമാർക്ക് അപായസന്ദേശം നൽകി. വിമാനം ഹൈജാക്ക് ചെയ്തെന്ന കോഡാണ് കൈമാറിയത്. ഇതോടെ പൈലറ്റുമാർ കോക്ക്പിറ്റിൽനിന്ന് രക്ഷപ്പെടുകയും ഭീകരരുടെ നിർദേശപ്രകാരം വിമാനം പറത്തേണ്ട സാഹചര്യം ഒഴിവാക്കുകയുംചെയ്തു.

ഇതിനിടെ, എല്ലാ യാത്രക്കാരുടെയും പാസ്പോർട്ടുകൾ ശേഖരിക്കാൻ ഭീകരർ കാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടു. ഈ സമയം അമേരിക്കൻ യാത്രക്കാരുടെ പാസ്പോർട്ടുകൾ നീരജ അതിവിദ​ഗ്ധമായി ഒളിപ്പിച്ചുവെച്ചു. യുഎസ് പൗരന്മാരെ ഭീകരർ ലക്ഷ്യമിട്ടേക്കുമെന്ന് മുൻകൂട്ടി കണ്ടാണ് നീരജ ഇവരുടെ പാസ്പോർട്ടുകൾ മാറ്റിവെച്ചത്. ഇതിനിടെ, വിമാനത്തിലേക്ക് പുതിയ പൈലറ്റുമാരെ നൽകണമെന്നും വിമാനം സൈപ്രസിലേക്ക് പറത്തണമെന്നുമായിരുന്നു ഭീകരരുടെ ആവശ്യം. ജയിലിലുള്ള പലസ്തീനികളെ വിട്ടയക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

379 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏകദേശം 17 മണിക്കൂറോളം നേരം ഇവരെ ബന്ദികളാക്കി. ഇതിനിടെ വിമാനത്തിലെ ഓക്സിലറി പവർ യൂണിറ്റ് തകരാറിലായി. വിമാനത്തിനുള്ളിൽ മുഴുവൻ ഇരുട്ടായി. ഇതോടെ പരിഭ്രാന്തരായ ഭീകരർ യാത്രക്കാർക്ക് നേരേ വെടിവെച്ചു. വെടിവെപ്പ് തുടങ്ങിതോടെ കാബിൻ ക്രൂ മാനേജരായ നീരജ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരെ പുറത്തിറക്കാൻ സഹായിച്ചു. എമർജൻസി വാതിലിലൂടെ പുറത്തുകടന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ അവസരമുണ്ടായിട്ടും അതിന് മുതിരാതെ യാത്രക്കാരെ സുരക്ഷിതരാക്കാനാണ് നീരജ ശ്രമിച്ചത്. പക്ഷേ, നീരജയ്ക്കും വെടിയേറ്റു. വിമാനത്തിനുള്ളിൽ വെടിയേറ്റ് വീണയെ സഹപ്രവർത്തകരാണ് എമർജൻസി വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടത്. ചോരയൊലിച്ചനിലയിൽ കറാച്ചിയിലെ ജിന്ന ആശുപത്രിയിൽ എത്തിച്ചെങ്കിലും നീരജയുടെ ജീവൻ രക്ഷിക്കാനായില്ല. നീരജയടക്കം 22 പേരാണ് അന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിനു മുന്നിൽ ദേശീയ പതാക തലതിരിച്ച് പിടിച്ച് നിന്നു, സ്വമേധയാ കേസെടുത്ത് പൊലീസ്; പറ്റിയത് അബദ്ധം, കുറ്റകരമല്ലെന്ന് ഹൈക്കോടതി
പഞ്ചാബ് ലൗലി സർവകലാശാലയിലെ സംഘർഷം: പിന്നിൽ വലിയ ഗൂഢാലോചന; പഞ്ചാബിലെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അശോക് മിത്തൽ എംപി