
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പിക്ക് വമ്പൻ മുന്നേറ്റമാണെന്നാണ് വ്യക്തമാകുന്നത്. മധ്യപ്രദേശിൽ ഭരണത്തുടർച്ചയിലേക്ക് കുതിക്കുന്ന ബി ജെ പി രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിനെ നിലംപരിശാക്കുന്ന വിജയത്തിലേക്കാണ് ബി ജെ പിയുടെ കുതിപ്പ്. ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം പ്രകാരം 157 സീറ്റിലാണ് ബി ജെ പിയുടെ ലീഡ് നില. കോൺഗ്രസാകട്ടെ കേവലം 69 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടിയിട്ടുള്ളത്.
തത്സമയ വിവരങ്ങൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്
രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിർത്തുമെന്നുമുള്ള കോൺഗ്രസിന്‍റെ അവകാശവാദങ്ങളടക്കം ഈ ഘട്ടത്തിൽ കാറ്റിൽ പറക്കുകയാണെന്ന് കാണാം. രാജസ്ഥാനിൽ 100 സീറ്റും കടന്ന് 108 സീറ്റിലാണ് ബി ജെ പിയുടെ ലീഡ് നില കുതിക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് 75 സീറ്റിൽ മാത്രമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് അടക്കമുള്ളവർ നിലവിൽ പിന്നിലാണെന്നാണ് വിവരം.
ഛത്തീസ്ഗഡിലാകാട്ടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അടക്കമുള്ളവരെ പിന്നിലാക്കിയാണ് ബി ജെ പിയുടെ കുതിപ്പ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബി ജെ പിയുടെ ലീഡ് നില 50 കടന്നിട്ടുണ്ട്. നിലവിൽ ബി ജെ പി 56 സീറ്റിലും കോൺഗ്രസ് 32 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 3 സംസ്ഥാനത്തും കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട് ബി ജെ പിയുടെ ലീഡ് നില. സെമി ഫൈനലിൽ മോദി മാജിക്കാണ് കണ്ടതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.
അതേസമയം തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തുകയാണ്. തെലങ്കാനയിൽ കോൺഗ്രസ് ബഹുദൂരം മുന്നിലാണെന്നാണ് വോട്ടെണ്ണലിന്‍റെ നാലാം മണിക്കൂറിൽ കാണുന്നത്. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്. നിലവിൽ 64 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. ബി ആർ എസ് 42 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam