
ദില്ലി: അയോധ്യവിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് എല്‍ കെ അദ്വാനി. ചരിത്രവിധിയെന്നാണ് അയോധ്യവിധിയെ അദ്വാനി വിശേഷിപ്പിച്ചത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്. അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമ ക്ഷേത്രം പണിയുന്നതിന് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കുകയാണ്. രാമക്ഷേത്രം നിർമ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നൽകാൻ അവസരം തനിക്ക് ഉണ്ടായി. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടായെന്നും അദ്വാനി പറഞ്ഞു. അയോധ്യ വിധിയോടെ താന്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ഇത് ധന്യമുഹൂര്‍ത്തമാണ്. മുസ്ലീം പള്ളി പണിയുന്നതിനായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ നല്‍കണമെന്ന കോടതി വിധിയേയും സ്വാഗതം ചെയ്യുന്നതായി അദ്വാനി പറഞ്ഞു.
ഒന്നര നൂറ്റാണ്ടിലേറെ നീണ്ട തര്‍ക്കത്തിനാണ് ഇന്നത്തെ ചരിത്രവിധിയിലൂടെ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാനും മുസ്ളീങ്ങൾക്ക് പുതിയ മസ്ജിദ് നിര്‍മ്മിക്കാൻ അയോദ്ധ്യയിൽ തന്നെ പകരം ഭൂമി നൽകാനുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. രാമക്ഷേത്ര നിര്‍മ്മാണവും മേൽനോട്ടവും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും. അയോദ്ധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഭരണഘന ബെഞ്ചിന്‍റെ ഏകകണ്ഠവിധി.
ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിൽ വസ്തുവിൽ ആര്‍ക്കെങ്കിലും അവകാശം നൽകാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നിയമത്തിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അത് തീരുമാനിക്കുക. അയോദ്ധ്യ രാമന്‍റെ ജന്മഭൂമിയാണ് എന്ന വിശ്വാസത്തെ ആരും എതിര്‍ക്കുന്നില്ല. രാമൻ നിയമത്തിൽ ഒരു വ്യക്തിയാണ്. അതുകൊണ്ട് തര്‍ക്കഭൂമി രാംലല്ലക്ക് അവകാശപ്പെട്ടതാണ്. ബാബറി മസ്ജിദിന്‍റെ നടുമുറ്റത്ത് ഹിന്ദുക്കൾ ആരാധന നടത്തിയതിന് തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് തര്‍ക്കഭൂമിയിൽ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam