ലൈറ്റണച്ച് ദീപം തെളിയിക്കല്‍: വൈദ്യുത തകരാര്‍ ഒഴിവാക്കാന്‍ ലോഡ് ഷെഡിങ്

By Web TeamFirst Published Apr 5, 2020, 9:49 AM IST
Highlights

ഒന്‍പത് മിനിറ്റ് ഒരുമിച്ച് ലൈറ്റുകളണക്കുമ്പോള്‍  വിതരണ ശൃംഖല തകരാറിലാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കേരളമുള്‍പ്പടെയുള്ല ചില സംസ്ഥാനങ്ങള്‍ രാത്രി എട്ട് മണി മുതല്‍ ഭാഗീകമായി ലോഡ് ഷെഡിങ്  ഏര്‍പ്പെടുത്തിയേക്കും.
 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് ലൈറ്റുകളക്കുമ്പോള്‍ രാജ്യത്ത് വൈദ്യുത ശൃംഖലക്ക് തകരാര്‍ സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാരുകള്‍.  ഒന്‍പത് മിനിറ്റ് ഒരുമിച്ച് ലൈറ്റുകളണക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി വ്യതിയാനം വിതരണ ശൃംഖലയെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കേരളമുള്‍പ്പടെയുള്ല ചില സംസ്ഥാനങ്ങള്‍ രാത്രി എട്ട് മണി മുതല്‍ ഭാഗീകമായി ലോഡ് ഷെഡിങ്  ഏര്‍പ്പെടുത്തിയേക്കും.

എന്നാല്‍ പെട്ടന്നുള്ള വൈദ്യുത വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യാനുള്ല കരുത്ത് രാജ്യത്തെ വൈദ്യുതശൃംഖലയ്ക്ക് ഉണ്ടെന്നാണ് കേന്ദ്ര ഈര്‍ജ മന്ത്രാലയം പറയുന്നത്. വീടുകളിലെ ലൈറ്റ് മാത്രം അണക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഫ്രിഡ്ജ്, എസി ഉള്‍‌പ്പടെയുള്ളവ ഓഫാക്കേണ്ട കാര്യമില്ല. പൊലീസ് സ്റ്റേഷന്‍, ആശുപത്രി, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ അവശ്യസേവന മേഖലകളിലും ലൈറ്റ് അണക്കേണ്ടതില്ലെന്ന് കേന്ദ്രം പറയുന്നു.

തെരുവ് വിളക്കുകള്‍ അണയ്ക്കേണ്ടതില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ  പെട്ടെന്നുണ്ടാകുന്ന വൈദ്യുത വ്യതിയാനത്തിലെ ആശങ്ക് പങ്കുവെച്ച് തമിഴ്നാട്, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

അതേസമയം ഇന്ന് രാത്രി ഒന്‍പതിന് ഉണ്ടാകുന്ന ഇടിവ് പ്രശ്നമാകാതിരിക്കാന്‍ കേരളത്തില്‍ പ്രധാന വൈദ്യുതനിലയങ്ങളിലെ രണ്ടോ മൂന്നോ ജനറേറ്ററുകള്‍ ഓഫ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള അറിയിച്ചു.  കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍‌ ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് നേരം വീട്ടിലെ ലൈറ്റുകള്‍ അണച്ച് ചെറു ദീപങ്ങള്‍ തെളിയിക്കണം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.

click me!