ജാതി സെൻസസിനായി സമ്മർദ്ദം ശക്തമാക്കി പ്രാദേശിക പാർട്ടികൾ: കരുതലോടെ പ്രതികരിച്ച് ബിജെപി

By Web TeamFirst Published Sep 27, 2021, 2:36 PM IST
Highlights

ജാതി രാഷ്ട്രീയം ശക്തമായ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍, വിഷയമുയർത്തി ഇതിനോടകം പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടുകഴിഞ്ഞു. 

ദില്ലി: രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന സമ്മർദ്ദം ശക്തമാക്കി പ്രാദേശിക പാർട്ടികൾ .  ആർജെഡിയുടെ നേതൃത്വത്തില്‍  പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര തീർത്ത് സർക്കാരിന് മേല്‍ സമ്മർദ്ദം ശക്തമാക്കാനാണ് ശ്രമം. തീരുമാനം പുനപരിശോധിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു. . 

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജാതി സെൻസസ് നിര്‍ണായക വിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. ജാതി രാഷ്ട്രീയം ശക്തമായ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍, വിഷയമുയർത്തി ഇതിനോടകം പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടുകഴിഞ്ഞു. വിവിധ പാര്‍ട്ടികളിലെ 33  നേതാക്കള്‍ക്ക് കത്തെഴുതി പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി. ആവശ്യം ഉയര്‍ത്തുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ലെന്നതാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്‍റെയും പ്രതിസന്ധി. 

എന്‍ഡിഎയിലുള്ള ജെ‍ഡിയു ഉള്‍പ്പെടെയുള്ള പാർട്ടികള്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തോടൊപ്പമാണ്. കേന്ദ്രം എതിര്‍ക്കുന്നുണ്ടെങ്കിലും വിഷയം ചർച്ചയായി കഴിഞ്ഞ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ജാതി സെൻസസ് അനൂകൂല നിലപാട് എടുക്കേണ്ടി വന്നുവെന്നത് സമ്മർദ്ദം എത്രത്തോളമാണെന്നത് തെളിയിക്കുന്നു. ജാതി സെൻസസ് നടത്തിയാല്‍ ഇത് അടിസ്ഥാനമാക്കിയുള്ള ആവശ്യങ്ങളും ശക്തമാകുമെന്നതാണ് ബിജെപിയുടെ വിലയിരുത്തല്‍. സുപ്രീംകോടതിയിലുള്ള ഹർജിയിലും  ആവശ്യം പരിഗണിക്കാനികില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.  ജാതി സെൻസസ് നടത്തണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വീണ്ടും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
 

click me!