കാസർകോട് ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടി; ജില്ലയില്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 9 ആയി

By Web TeamFirst Published Apr 5, 2020, 3:35 PM IST
Highlights

ചികിത്സ കിട്ടാതെയുള്ള ഇന്നത്തെ രണ്ടാമത്തെ മരണമാണ് ഇത്. കര്‍ണാടക ദേശീയ പാത അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ ഹൊസങ്കടി സ്വദേശി രുദ്രപ്പയും ഇന്ന് മരിച്ചിരുന്നു.

കാസ‌ർകോട്: കാസർകോട് ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടി. തുമിനാട് സ്വദേശി യൂസഫ് ആണ് മരിച്ചത് . നെഞ്ച് വേദനയെതുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. കാസ‌‌‌‌‌‌ർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. ഇതോടെ കാസര്‍കോട് ജില്ലയില്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 9 ആയി. 

ചികിത്സ കിട്ടാതെയുള്ള ഇന്നത്തെ രണ്ടാമത്തെ മരണമാണ് ഇത്. കര്‍ണാടക ദേശീയ പാത അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ ഹൊസങ്കടി സ്വദേശി രുദ്രപ്പയും ഇന്ന് മരിച്ചിരുന്നു. ഹൃദ്രോഗി ആയിരുന്ന ഇയാള്‍ മംഗളുരുവിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല. ന്നര വര്‍ഷം മുൻപ് ഹൃദയ ശസ്ത്ര ക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുക ആയിരുന്നു. 

അതേ സമയം മംഗളൂരു- കാസർകോട് അതിർത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്നാണ് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രതികരിച്ചത്. അതിർത്തി അടച്ചത് മുൻകരുതൽ നടപടി മാത്രമാണെന്നും കാസർകോട് നിന്നുളള രോഗികളെ കടത്തിവിടാൻ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയ്ക്ക്  അയച്ച കത്തിലാണ് പ്രതികരണം. ഇതാദ്യമായാണ് അതിർത്തി അടച്ച വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം. നിലപാട് മയപ്പെടുത്തുന്നതിന്‍റെയോ തീരുമാനം മാറ്റാൻ ഉദ്ദേശിക്കുന്നതിന്‍റെയോ സൂചനയൊന്നും ഇല്ലെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന സൂചന.

click me!