വെട്ടുകിളി ആക്രമണഭീതിയില്‍ ഉത്തരേന്ത്യ; കോടി കണക്കിന് രൂപയുടെ വിളനാശമുണ്ടാവുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published May 25, 2020, 10:12 AM IST
Highlights

  വെട്ടുകിളികളെത്തിയത് പാക്കിസ്ഥാനില്‍ നിന്ന്. നിയന്ത്രച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദ മുന്നറിയിപ്പ്.

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ വെട്ടുക്കിളി ആക്രമണഭീതിയില്‍. പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ വ്യാപക വിളനാശത്തിന് കാരണമാവുന്നത്. രാജസ്ഥാനില് വ്യാപകമായി വിളകൾ നശിപ്പിച്ച ശേഷം വെട്ടുകിളിക്കൂട്ടം മധ്യപ്രദേശിലും ഉത്തർപ്രദേശിലും എത്തി. മധ്യപ്രദേശില്‍ 27 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിടുന്നത്.  വെട്ടുകിളികളെ നിയന്ത്രച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദ മുന്നറിയിപ്പ്.

നീമച് ജില്ലയിലൂടെ മധ്യപ്രദേശില്‍ പ്രവേശിച്ച വെട്ടുകിളികൾ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്‍റെ മണ്ഡനമായ ബുധിനിയിലടക്കം കനത്ത വിളനാശമുണ്ടാക്കി. നിലവില്‍ സംസ്ഥാനത്ത് പച്ചക്കറി, പഴ കൃഷികൾക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്. കോട്ടണ്‍, മുളക് കൃഷികൾക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്. വെട്ടുകിളികളെ നിയന്തിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് എണ്ണായിരം കോടി രൂപയുടെ കൃഷി നാശം ഇവ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. 

കോട്ടണ്‍ ഉൾപ്പെടെയുള്ള വിളകൾക്ക് നേരെ ആക്രമണമുണ്ടായാല്‍ നഷ്ടം ഇതിലും കൂടുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നല്‍കുന്നു. വെട്ടുകിളികൾ വൈകിട്ട് ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയുള്ല സമയത്ത് വിശ്രമിക്കുമെന്നും ഈ സമയത്ത് കീടനാശിനി തളിച്ച് ഇവയെ നശിപ്പിക്കണമെന്നുമാണ് വിദഗ്ദർ നല്‍കുന്ന ഉപദേശം. 

ഉത്തർപ്രദേശിലെ ജാന്‍സി അടക്കമുള്ള മേഖലകളിലും വെട്ടുകിളികൾ വിളനാശം സൃഷ്ടിച്ചു. കീടനാശിനി തളിച്ച് ഇവയെ നേരിടാന്‍ ശ്രമിച്ചു വരികയാണെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ കമല്‍ കത്യാർ പറഞ്ഞു. ഈ വർഷം ഇന്ത്യയില്‍ വെട്ടുകിളി ആക്രമണമുണ്ടായേക്കുമെന്ന് എഫ്എഓ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

click me!