തീരുമാനം തിരുത്തി മഹാരാഷ്ട്ര; മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇന്നുമുതല്‍ 25 ആഭ്യന്തര സര്‍വ്വീസുകള്‍

By Web TeamFirst Published May 25, 2020, 9:17 AM IST
Highlights

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 50231 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

മുംബൈ: വിമാനസര്‍വ്വീസിനായി വിമാനത്താവളങ്ങള്‍ തുറന്നുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മഹാരാഷ്ട്ര തീരുമാനം തിരുത്തുന്നു. ഇന്ന് മുതല്‍ മുംബൈ വിമാനത്താവളം വഴി 25 സര്‍വ്വീസുകള്‍ നടത്താമെന്നാണ് പുതിയ തീരുമാനം. വിമാനസര്‍വ്വീസുകള്‍ക്ക് സംസ്ഥാനം സജ്ജമല്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ്  താക്കറെ മന്ത്രിസഭയിലെ മന്ത്രി നവാബ് മാലിക്ക് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 50231 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ''ഞാന്‍ ഇപ്പോള്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. എല്ലാ ഏജന്‍സികളുമായി ഈ വിഷയം സംസാരിച്ചതിന് ശേഷം, മുംബൈ വിമാനത്താവളം വഴി 25 വിമാന സര്‍വ്വീസുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. '' നവാബ് മാലിക് എന്‍ഡിടിവിയോട് പറഞ്ഞു. 
 
വിഷയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 24ന് മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെട്ടത്. എമര്‍ജന്‍സി വിമാനങ്ങള്‍ മാത്രമേ ഇപ്പോള്‍ സര്‍വ്വീസ് നടത്തൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. 

സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളുള്ള മുംബൈ, നാഗ്പൂര്‍, പൂനെ എന്നീ നഗരങ്ങള്‍ റെഡ് സോണിലാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളത് ഇവിടങ്ങളിലാണെന്നാണ് അതിനര്‍ത്ഥമെന്നും താക്കറെ പറഞ്ഞിരുന്നു. 

ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ വിമാനസർവ്വീസുകൾ തുടങ്ങി. ആന്ധ്രയിൽ നാളെയും ബംഗാളിൽ വ്യാഴാഴ്ചയും ആണ് സർവീസ് തുടങ്ങുക. ദില്ലിയിൽ നിന്ന് 380 സർവീസുകൾ ആണ് ഇന്നുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സർവീസുകൾ കേരളത്തിലേക്ക് ആണ്. മുംബൈയ്ക്ക് പുറമെ ചെന്നൈ വിമാനത്താവളങ്ങളിലേക്കും ഒരു ദിവസം ഇരുപത്തിയഞ്ച് വിമാനങ്ങൾ മാത്രമേ എത്തൂ. ആന്ധ്രയിലും പശ്ചിമ ബംഗാളിലും സർവീസുകളുടെ എണ്ണം ചുരുക്കും. 

ആഭ്യന്തര വിമാന സർവീസ് തുടങ്ങുന്നത് നീട്ടണം എന്ന് മഹാരാഷ്ട്ര അടക്കമുള്ള ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിൽ ചില സംസ്ഥാനങ്ങളെ ഒഴിവാക്കി സർവീസ് തുടങ്ങുന്നത് പ്രായോഗികം അല്ലെന്ന് വിലയിരുത്തുക ആയിരുന്നു. ഇതിന് പകരമാണ് ഈ സംസ്ഥാനങ്ങളിൽ സർവീസുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്.

ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങിയത്. ഇന്ന് 17 സര്‍വീസുകളാണ് ഉണ്ടാവുക. രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ യാത്ര അനുവദിക്കൂ.

രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ ടെര്‍മിനലില്‍ എത്തണം. ചെക്ക് ഇൻ ചെയ്യേണ്ടത് ഓണ്‍ലൈനായി. ആരോഗ്യ സേതു ആപ്പ് ആരോഗ്യപ്രവര്‍ത്തകരെ കാണിക്കണം. തുടര്‍ന്ന് താപനില പരിശോധന. എയറോബ്രിഡ്ജിലേക്ക് കയറും മുമ്പ് വീണ്ടും താപനില പരിശോധിക്കും. താപനില കൂടുതലെങ്കില്‍ യാത്ര റദ്ദാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഫേസ് ഷീല്‍ഡ് ഉള്‍പ്പെടെ ധരിച്ച് വേണം വിമാനത്തില്‍ യാത്ര ചെയ്യാൻ. ഹാൻഡ് ബാഗിന് പുറമെ ഒരു ബാഗ് കൂടി മാത്രമാണ് അനുവദിക്കുക.

click me!