പാകിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികള്‍ ഗുജറാത്തിലെത്തി വിളകള്‍ നശിപ്പിക്കുന്നു

By Web TeamFirst Published Dec 26, 2019, 3:54 PM IST
Highlights

പാകിസ്ഥാനില്‍ നിന്നെത്തിയ വെട്ടുകിളികള്‍ ഗുജറാത്തിലെ കര്‍ഷകരുടെ വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു.

അഹമ്മദാബാദ്: ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തി പാക്കിസ്ഥാനില്‍ നിന്ന് വെട്ടുകിളികള്‍ കൂട്ടമായെത്തുന്നു. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് കൂട്ടമായെത്തുന്ന ഇവ വിളകള്‍ ഒന്നാകെ നശിപ്പിക്കുകയാണ്. 

വടക്കന്‍ ഗുജറാത്ത്, ബണസ്കാന്ത, പടന്‍, കുച് എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ ശല്യം രൂക്ഷമാകുന്നത്. ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികള്‍ കൂട്ടമായി അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുകയും ആവണക്ക്, ജീരകം, പരുത്തി, കിഴങ്ങ്, തീറ്റപ്പുല്‍ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. ഏകദേശം 20തോളം താലൂക്കുകളാണ് ഇത്തരത്തില്‍ വെട്ടുകിളി ശല്യം നേരിടുന്നത്. 1993-94 കാലഘട്ടത്തിന് ശേഷം ഇതുവരെ ഗുജറാത്തില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിയിട്ടില്ല.

ബണസ്കന്തയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍ തങ്ങുകയും വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. രാത്രികാലങ്ങളില്‍  ആളെ ഏര്‍പ്പെടുത്തിയും പെരുമ്പറ കൊട്ടിയും വെട്ടുകിളികളെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിച്ചെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല. 

Read More: പോയവര്‍ എല്ലും തോലുമായി തിരിച്ചെത്തി; അമേരിക്കന്‍ സ്നിഫര്‍ നായ്ക്കള്‍ ഇനി ഈജിപ്തിലേക്കില്ല

സൗത്ത് ഏഷ്യയില്‍ വ്യാപകമായ രീതിയില്‍ വെട്ടുകിളി ശല്യമുണ്ടാകുമെന്ന് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന ഭരണകൂടവും പ്രാദേശിക വിദഗ്ധരും ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. ജോധ്പൂരിലെ ലോക്കസ്റ്റ് വാണിങ് ഓര്‍ഗനൈസേഷനും വെട്ടുകിളി ശല്യത്തെക്കുറിച്ച് നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ വേണ്ട നടപടികള്‍ എടുത്തില്ലെന്നാണ് ആരോപണം. 


 

click me!