ആവേശമില്ലാത്ത വിധിയെഴുത്ത്! ലോക്സഭയിലേക്കുള്ള 2-ാം ഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

By Web TeamFirst Published Apr 26, 2024, 9:36 PM IST
Highlights

2019 ല്‍ രണ്ടാം ഘട്ടത്തില്‍ 69.45 ആയിരുന്നു പോളിങ് ശതമാനം. ഒടുവിലെ കണക്ക് അനുസരിച്ച്  എട്ട് ശതമാനത്തോളം കുറവാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടായത്.

ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ 61.40 ശതമാനമാണ് പോളിങ്. ലോക്സഭയിലേക്കുള്ള 543 മണ്ഡലങ്ങളില്‍ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂര്‍ത്തിയായി. അതേസമയം, വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയില്‍ വന്‍ ആയുധശേഖരം സിബിഐ പിടികൂടി. 

ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ നാല് ശതമാനം പോളിങ് ശതമാനം കുറഞ്ഞത് ചർച്ചയായി തുടരുമ്പോഴാണ് രണ്ടാം ഘട്ടത്തിലും വോട്ടിങ് ശതമാനം കുറയുന്നത്. 2019 ല്‍ രണ്ടാം ഘട്ടത്തില്‍ 69.45 ആയിരുന്നു പോളിങ് ശതമാനം. ഒടുവിലെ കണക്ക് അനുസരിച്ച്  എട്ട് ശതമാനത്തോളം കുറവാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടായത്. നാളെയോടെയെ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ. അത് അനുസരിച്ച് ഇതില്‍ ചെറിയ വ്യത്യാസങ്ങല്‍ വന്നേക്കാം. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കുറവ് വോട്ടിങ് ശതമാനം ഉണ്ടായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 54 ശതമാനമാണ് പോളിങ്. 

കടുത്ത മത്സരം നടക്കുന്ന രാജസ്ഥാനില്‍ 63.56 ശതമാനവും പശ്ചിമ ബംഗാളില്‍ 71.84 ശതമാനവുമാണ് പോളിങ്.  മധ്യപ്രദേശില്‍ 56.29 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 78 ശതമാനമുള്ള ത്രിപുരയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. മണിപ്പൂരില്‍ 77 ശതമാനവും പോളിങുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത് നാല് മണ്ഡലങ്ങളില്‍ ത്രികോണ മത്സരവും രണ്ട് മണ്ഡലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും രണ്ട് മണ്ഡലങ്ങളില്‍ ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും തമ്മിലായിരുന്നു മത്സരം.

ശക്തികേന്ദ്രങ്ങളില്‍ വോട്ട് ശതമാനം കുറഞ്ഞത് ബിജെപിക്ക് ആശങ്കജനകമാണ്. വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ സന്ദേശ്ഖലിയില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. സിബിഐ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. എൻഎസ്ജി സ്ഥലത്ത് എത്തിയിട്ടുണ്ട്. ബലാത്സംഗം, മയക്കുമരുന്ന് ആരോപണം ഉയർന്ന സന്ദേശ്ഖലിയില്‍ വിദേശ നിർമിത ആയുധങ്ങളാണ് കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആരോപിച്ചു. ബംഗാളിലും യുപിയിലും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് വോട്ടിങ് തടസ്സപ്പെടുന്നതിന് കാരണമായെന്ന് ടിഎംസിയും സമാജ്‍വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. കനത്ത സുരക്ഷയിലാണ് മണിപ്പൂരില്‍ വോട്ടെടുപ്പ് നടന്നത്.

click me!