
മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥി നിർണയം എൻഡിഎ സഖ്യത്തിന് തലവേദനയാകുന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ എൻഡിഎ ഭരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നും ഒരാളെ പോലും പ്രഖ്യാപിക്കാതിരുന്നതും ശ്രദ്ധേയമായി. ഇതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മത്സരിക്കില്ലെന്നും വിവാദ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ ബിജെപി ടിക്കറ്റിൽ ഇറങ്ങുമെന്നുമുള്ള അഭ്യൂഹവും ശക്തമാണ്.
നരേന്ദ്ര മോദിയും അമിത് ഷായും രാജ്നാഥ് സിങുമൊക്കെയായി കരുത്തരുടെ നിരയെ ഇറക്കി കഴിഞ്ഞു ബിജെപി. യുപിയും ഗുജറാത്തും മധ്യപ്രദേശുമടക്കം ഭരണത്തിലുളള സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികൾ പ്രചാരണവും തുടങ്ങി. പക്ഷേ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ മഹാരാഷ്ട്രയിൽ നിന്നും ആരുമില്ല. സീറ്റ് വിഭജനത്തിൽ ഏക്നാഥ് ഷിൻഡേയുമായും അജിത്ത് പവാറുമായുമുളള ചർച്ചകളും ശുഭകരമല്ല, ഇതിനിടെയാണ് നിതിൻ ഗഡ്കരിയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാകുന്നത്.
ഗഡ്കരിയുടെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് പ്രതിപക്ഷം. ദേശീയ നേതൃത്വവുമായുളള പിണക്കവും ഫഡ്നാവിസിന്റെ തന്ത്രവുമാണ് ഗഡ്കരിയ്ക്ക് സീറ്റ് നിഷേധിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒരുപടി കൂടിക്കടന്ന് ഉദ്ധവ് താക്കറെയും സുപ്രിയ സുലെയും ഗഡ്കരിയെ പ്രതിപക്ഷ സഖ്യത്തിലേക്കും ക്ഷണിച്ചു. എന്നാൽ പ്രതിപക്ഷ ക്ഷണത്തെ പരിഹസിച്ച ദേവേന്ദ്ര ഫഡ്നാവിസ് ഗഡ്കരി മഹാരാഷ്ട്രയിലെ ബിജെപിയുടെ ആദ്യ പട്ടികയിൽ തന്നെയെന്ന് തിരിച്ചടിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ഹാട്രിക് വിജയം തേടി നിതിൻ ഗഡ്കരി വീണ്ടും നാഗ്പൂരിലിറങ്ങും.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതിലൂടെയാണ് സമീറ് വാങ്കഡെ ചര്‍ച്ചകളിൽ നിറയുന്നത്. എന്നാൽ ഇന്ന് ആര്യൻ ഖാനെ കേസിൽ നിന്നും രക്ഷിക്കാൻ ഷാരൂഖിനോട് പണം ആവശ്യപ്പെട്ടു എന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അന്വേഷണം നേരിടുകയാണ് സമീര്‍ വാങ്കഡെ. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാരൂഖിന്റെ സിനിമകൾ പോലും കാണാറില്ലെന്നും യഥാര്‍ത്ഥ നായകന്മാരായ മോദിയെയും ശിവജിയെയും പറ്റി ചോദിക്കൂ എന്നുമുളള വാങ്കഡെയുടെ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.
രൂപീകരണം തൊട്ട് ശിവസേനയുടെ കോട്ടയായ വാഷിം - യവത്മലാണ് വാങ്കഡെയുടെ ഉന്നം. മണ്ഡലത്തിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് വാങ്കഡെ. എന്നാൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങളോട് വാങ്കഡെ ഇതുവരെ പ്രതിരിച്ചിട്ടില്ല. കരുത്തരെ മാറ്റി നിർത്തിയും പുതുമുഖങ്ങളെ ഇറക്കിയും മഹാരാഷ്ട്ര പിടിക്കാനിറങ്ങുമോ ബിജെപി എന്നാതാണ് രണ്ടാം ഘട്ട ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലെ സര്‍പ്രൈസ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam