
ദില്ലി: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് രണ്ടാംഘട്ടത്തിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 89 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലാണ് അന്നേദിനം വോട്ടെടുപ്പ്. അസം, ബിഹാര്‍, ഛത്തീസ്‌ഗഡ്, കര്‍ണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു ആന്‍ഡ് കശ്‌മീര്‍ എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് ഏപ്രില്‍ ഇരുപത്തിയാറിന് തെരഞ്ഞെടുപ്പ് നടക്കുക.
കേരളമാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. കാരണം, രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളും ഈ വരുന്ന ഇരുപത്തിയാറാം തിയതി പോളിംഗ് ബൂത്തിലെത്തും. കേരളത്തിന് പുറമെ അസമിലെ അഞ്ചാം ബിഹാറിലെ നാലും ഛത്തീസ്‌ഗഡിലെ മൂന്നും കര്‍ണാടകയിലെ പതിനാലും മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെ എട്ടും മണിപ്പൂരിലെ ഒന്നും രാജസ്ഥാനിലെ പതിനാലും ത്രിപുരയിലെ ഒന്നും ഉത്തര്‍പ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെ മൂന്നും ജമ്മു ആന്‍ഡ് കശ്‌മീരിലെ ഒന്നും മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറും യുപിയും മഹാരാഷ്ട്രയും മധ്യപ്രദേശും അടങ്ങുന്ന ഹിന്ദി മേഖലയിലെ വോട്ടെടുത്ത് രാജ്യത്തെ ജനവിധിയില്‍ അതിനിര്‍ണായകമാകും. കര്‍ണാടക, ബംഗാള്‍ ഫലങ്ങള്‍ എന്താകും എന്നതും ആകാംക്ഷയാണ്.
കര്‍ശന നിരീക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ നിരീക്ഷണത്തിനായി 89 പൊതു നിരീക്ഷകർ, 53 പൊലീസ് നിരീക്ഷകർ, 109 ചെലവ് നിരീക്ഷകർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്ന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും സേനയെ മികച്ച രീതിയിൽ വിനിയോഗിക്കുന്നുവെന്നും ക്രമസമാധാനം പുലരുന്നുണ്ടെന്നും കർശനമായി ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ കേന്ദ്ര നിരീക്ഷകരോടും ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കുകയും അവിടങ്ങളില്‍ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക കേന്ദ്ര നിരീക്ഷകരുടെ ചുമതലയാണ്.
വോട്ടർമാർക്ക് എല്ലാ സൗകര്യങ്ങളും, പ്രത്യേകിച്ച് ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന കര്‍ശന നിര്‍ദേശം നിരീക്ഷകര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിക്കഴിഞ്ഞു. വോട്ടർമാരുടെ സൗകര്യാർഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടർ സഹായബൂത്ത് സ്ഥാപിക്കാനും ഭിന്നശേഷിക്കാർ, ശാരീരിക വൈകല്യമുള്ളവർ, സ്ത്രീകൾ, വയോധികർ, കുഷ്ഠരോഗ ബാധിതരായ വോട്ടർമാർ എന്നിവർക്ക് പ്രത്യേക സൗകര്യം ഉറപ്പുവരുത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം, വരിയിൽ നിൽക്കുന്ന വോട്ടർമാർക്കുള്ള ഷെഡുകൾ/പന്തലുകൾ, പോളിംഗ് സമയത്ത് പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് ശരിയായ ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാ ബൂത്തുകളിലും ഉറപ്പാക്കും.
Read more: നിതിൻ ഗഡ്‌കരി, കിരൺ റിജിജു, കെ അണ്ണാമലൈ, കനിമൊഴി; ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍ ഇവര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam