Latest Videos

ശ്രദ്ധാകേന്ദ്രം ഗുജറാത്ത്; മൂന്നാംഘട്ട വോട്ടെടുപ്പ് ഈ സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും

By Web TeamFirst Published Apr 30, 2024, 9:00 PM IST
Highlights

ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 19ന് ആദ്യഘട്ടവും 26ന് രണ്ടാംഘട്ടവും പൂര്‍ത്തിയായിരുന്നു

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ മൂന്നാംഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം. മെയ് ഏഴാം തിയതിയാണ് മൂന്നാംഘട്ട പോളിംഗ് നടക്കുക. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ ജനവിധിയെഴുതുക. ഗുജറാത്തിലെ 26 മണ്ഡലങ്ങളും ഒറ്റഘട്ടമായി മെയ് ഏഴിന് പോളിംഗ് ബൂത്തിലെത്തും. 

ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 19ന് ആദ്യഘട്ടവും 26ന് രണ്ടാംഘട്ടവും പൂര്‍ത്തിയായിരുന്നു. അസമിലെ നാല് സീറ്റുകളും ബിഹാറിലെ അഞ്ച് സീറ്റുകളും ചത്തീസ്‌ഗഢിലെ ഏഴ് സീറ്റുകളും ഗോവയിലെ രണ്ട് സീറ്റുകളും ഗുജറാത്തിലെ 26 സീറ്റുകളും കര്‍ണാടകയിലെ 14 സീറ്റുകളും മധ്യപ്രദേശിലെ എട്ട് സീറ്റുകളും മഹാരാഷ്ട്രയിലെ 11 സീറ്റുകളും ഉത്തര്‍പ്രദേശിലെ 10 സീറ്റുകളും പശ്ചിമ ബംഗാളിലെ നാല് സീറ്റുകളും ദാദ്ര നഗർ ഹവേലി ദാമൻ ദിയുവുവിലെ രണ്ട് സീറ്റുകളും ജമ്മു ആന്‍ഡ് കശ്‌മീരിലെ ഒരു സീറ്റുമാണ് മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ മെയ് ഏഴിന് പോളിംഗ് ബൂത്തിലെത്തുക. ഇതിന് ശേഷം മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തിയതികളിലാണ് അവശേഷിക്കുന്ന ഘട്ടങ്ങളിലെ പോളിംഗ് നടക്കുക. ജൂണ്‍ നാലിനാണ് രാജ്യത്തെ എല്ലാ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും. 

ഉഷ്‌ണതരംഗ സാധ്യതകള്‍ക്കിടെ രാജ്യത്ത് പോളിംഗ് കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. രണ്ട് ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 66.14 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ 66.71ശതമാനമാണ് ആകെ പോളിംഗ് എന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന കേരളത്തില്‍ 71.27 ശതമാനമാണ് ആകെ പോളിംഗ് രേഖപ്പെടുത്തിയത്. 

Read more: 'കള്ളവോട്ട് ചെയ്യാന്‍ പുതുവഴി, കൃത്രിമ വിരലുകള്‍ സുലഭം'; പ്രചാരണം ശരിയോ? Fact Check

 

click me!