കള്ളവോട്ട് ചെയ്യാന്‍ ഡമ്മി വിരലുകള്‍ ഉപയോഗിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പുകള്‍ വലിയ വിവാദങ്ങളിലൂടെ കടന്നുപോകാറ് പതിവാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേട് ആരോപണങ്ങളും ബൂത്ത് പിടിച്ചെടുക്കലും അക്രമ സംഭവങ്ങളും കള്ളവോട്ടും കൂടുമാറ്റവുമെല്ലാം എല്ലാ തെരഞ്ഞെടുപ്പുകാലത്തും വലിയ ചര്‍ച്ചയാവുന്നു. ഇത്തവണ മറ്റൊരു ആരോപണം സജീവമായിരിക്കുകയാണ്. കള്ളവോട്ട് ചെയ്യാന്‍ കൃത്രിമ വിരലുകള്‍ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

കള്ളവോട്ട് ചെയ്യാന്‍ ഡമ്മി വിരലുകള്‍ ഉപയോഗിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഷി പുരട്ടുന്ന ചൂണ്ടുവിരലിന്‍റെ പുറത്ത് ഉറപോലെ അണിയാവുന്ന രീതിയിലുള്ള ഡമ്മി വിരലുകളാണ് ചിത്രത്തില്‍. വോട്ട് ചെയ്ത ശേഷം രേഖപ്പെടുത്തുന്ന മഷി മായ്‌ക്കുക പ്രയാസമായതിനാല്‍ ഇത്തരം വ്യാജ വിരലുകള്‍ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുകയാണ് പലരും എന്നാണ് ഡമ്മി വിരലുകളുടെ ഫോട്ടോകള്‍ പങ്കുവെക്കുന്നവരുടെ അവകാശവാദം. 

വസ്‌തുത

പ്രചരിക്കുന്ന ചിത്രങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നോട് ബന്ധപ്പെട്ടതല്ല എന്നതാണ് വസ്‌തുത. ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്ത്യന്‍ പൊതുതെര‌ഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിക്കുന്നത്. മാത്രമല്ല, ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് ഒരു പതിറ്റാണ്ട് മുമ്പ് 2013ലുമാണ്. 2013 ജൂണ്‍ ആറിന് എബിസി ന്യൂസ് ഈ ഡമ്മി വിരലുകളെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. 

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പുകാലത്തും വ്യാജ വിരലുകളെ കുറിച്ച് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന് പുറമെ ചൈനയിലെ തെരഞ്ഞെടുപ്പുകളിലും ഇത്തരം ഡമ്മി വിരലുകള്‍ ഉപയോഗിക്കുന്നതായി ചിത്രങ്ങള്‍ സഹിതം ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ കൃത്രിമ വിരലുകള്‍ക്ക് തെരഞ്ഞെടുപ്പുകളുമായി ബന്ധമൊന്നുമില്ല എന്ന് അന്നേ തെളിഞ്ഞതാണ്. എന്നിട്ടും ഇപ്പോഴും ഇവയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങള്‍ വ്യാപകമാവുകയായിരുന്നു,

Read more: ബിജെപിക്ക് തുരുതുരാ അഞ്ച് വോട്ടുകള്‍ ചെയ്‌ത് ഒരേ ആള്‍ എന്ന് പ്രചാരണം, ഇവിഎം തട്ടിപ്പ് വീഡിയോയോ ഇത്?