
മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മുംബൈയിലെ മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരനിര. ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, ഇമ്രാന്‍ ഹാഷ്‌മി, വിദ്യ ബാലന്‍, ഫര്‍ഹാന്‍ അക്‌തര്‍, രാജ്‌കുമാര്‍ റാവു, സുനില്‍ ഷെട്ടി, ജാന്‍വി കപൂര്‍, ശ്രീയ ശരണ്‍, അനന്യ പാണ്ഡെ, ആമിര്‍ ഖാന്‍, കിരണ്‍ റാവു, ആദിത്യ ഷെട്ടി, വരുണ്‍ ധവാന്‍, ഭൂമി പദേക്കര്‍, സൈഫ് അലി ഖാന്‍, കരീന കപൂര്‍, കെയ്റ അദ്വാനി തുടങ്ങി നിരവധി പ്രമുഖര്‍ മുംബൈയിലെ പോളിംഗ് ബൂത്തുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ബോളിവുഡ് താരങ്ങള്‍ വോട്ട് ചെയ്യാനെത്തിയതിന്‍റെ വീഡിയോകള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഒപ്പമെത്തി വോട്ട് ചെയ്തു.
മുംബൈയിലെ ആറ് ലോക്‌സഭ മണ്ഡലങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്. മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത്-വെസ്റ്റ്, മുംബൈ നോര്‍ത്ത്-ഈസ്റ്റ്, മുംബൈ നോര്‍ത്ത്-സെന്‍ട്രല്‍, മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുംബൈ നഗരത്തിലെ പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍. മുംബൈയിലെ ആറ് അടക്കം മഹാരാഷ്ട്രയിലെ 13 ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ അഞ്ചാം ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തി. 48 ലോക്‌സഭ സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ആകെയുള്ളത്.
കനത്ത സുരക്ഷയിലാണ് മുംബൈയില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് തന്നെ ശക്തമായ സുരക്ഷയും നിയന്ത്രണങ്ങളും നഗരത്തിലെങ്ങും ഏര്‍പ്പെടുത്തിയിരുന്നു. റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനപരിശോധനയും പട്രോളിങും ശക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam