ബംഗാളില്‍ മമതാ ബാനർജിയുടെ തുറുപ്പുചീട്ട് മൂന്ന് നടിമാർ

By Web TeamFirst Published Mar 27, 2024, 10:00 AM IST
Highlights

കഴിഞ്ഞ തവണ കൈവിട്ട രണ്ട് സീറ്റുകള്‍ തിരികെ പിടിക്കുക ലക്ഷ്യമിട്ടാണ് തൃണമൂല്‍ ഇവരെ കളത്തിലിറക്കിയിരിക്കുന്നത്

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള താരപ്രചാരകരുടെ പട്ടിക ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് നടിമാരുടെ പേരുകള്‍ അതിലുണ്ടായിരുന്നു. പ്രമുഖ ബംഗാളി നടിമാരായ സയോണി ഘോഷ്, ജൂൺ മാലിയ, രചന ബാനർജി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്. മൂവരും തൃണമൂലുമായി നാളുകളായി രാഷ്ട്രീയ ബന്ധം പുലർത്തുന്ന അഭിനേതാക്കളാണ്. ഇവരില്‍ രണ്ട് പേർ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളാണ്. 

സയോണി ഘോഷ് 

പശ്ചിമ ബംഗാളില്‍ തൃണമൂലിന്‍റെ ഫയർ ബാന്‍ഡുകളിലൊന്നാണ് സയോണി ഘോഷ്. മുപ്പത്തിയൊന്നുകാരിയായ സയോണി അറിയപ്പെടുന്ന ബംഗാളി ചലച്ചിത്ര-ടെലിവിഷന്‍ അഭിനേതാവും ഗായികയുമാണ്. ഇച്ഛേ ദനാ എന്ന ടെലിഫിലിമിലൂടെ അഭിനയലോകത്ത് എത്തിയ സയോണി നോട്ടോബോർ നോട്ടൗട്ട് എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനിലെത്തി. 2021 ഫെബ്രുവരി 24ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത സയോണി ഘോഷ് ഇതേ വർഷം നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോളോട് പരാജയപ്പെട്ടു. സയോണി ഘോഷ് 2021 ജൂണ്‍ മുതല്‍ തൃണമൂല്‍ യൂത്ത് വിംഗിന്‍റെ പ്രസിഡന്‍റാണ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സയോണി ഊർജ്വസ്വലമായി ഇതിനകം സജീവമായിക്കഴിഞ്ഞു.

ജൂൺ മാലിയ 

ബംഗാളി നടിയും എംഎല്‍എയുമായ ജൂൺ മാലിയയാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മറ്റൊരു സ്റ്റാർ പ്രചാരക. പശ്ചിമ ബംഗാൾ വനിതാ കമ്മീഷൻ അംഗം കൂടിയായ മാലിയ 2021ൽ മേദിനിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 1996 മുതല്‍ അഭിനയരംഗത്തുള്ള ജൂണ്‍ മാലിയ നിരവധി വെബ്‍സീരീസുകളിലും ടെലിവിഷന്‍ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ മിദ്നാപൂർ ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയാണ് ജൂണ്‍ മാലിയ. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 88,952 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ദിലീപ് ഘോഷാണ് എംപി. 2014ല്‍ തൃണമൂല്‍ നേതാവ് സന്ധ്യ റോയ് 1,86,666 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമായിരുന്നു ഇത്. അതിനാല്‍തന്നെ സീറ്റ് തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് ജൂൺ മാലിയയെ ഇവിടെ മമതാ ബാനർജി ഇറക്കിയിരിക്കുന്നത്.

രചന ബാനർജി 

രചന ബാനർജിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ താരപ്രചാരകയായ മറ്റൊരു നടി. ബംഗാളി, ഒഡിയ സിനിമകളില്‍ സാന്നിധ്യമായിരുന്ന രചന അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരക കൂടിയാണ്. തെലുഗു, തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1991ല്‍ മിസ് കൊല്‍ക്കത്ത ആയാണ് രചന ബാനർജി ശ്രദ്ധിക്കപ്പെട്ടത്. ഹൂഗ്ലി ലോക്സഭ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിംഗ് എംപി ലോക്കറ്റ് ചാറ്റർജിക്കെതിരെ രചന മത്സരിക്കും. 2019ല്‍ 73,362 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാറ്റർജി വിജയിച്ചത്. തൊട്ടുമുമ്പത്തെ രണ്ട് തെരഞ്ഞെടുപ്പുകളില്‍ (2004, 2009) തൃണമൂല്‍ വിജയിച്ചിരുന്ന മണ്ഡലമാണിത്. 

Read more: വോട്ട് പിടിക്കാന്‍ ക്രിക്കറ്റർമാർ; തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്റ്റാർ ക്യാംപയിനിംഗ് തന്ത്രം, താരപട്ടികയായി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!