
ദില്ലി : പുതിയ പാര്‍ലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഒരു സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റിൽ. ലോക്സഭയിലേക്ക് ചാടി കളര്‍ സ്പ്രേ ഉപയോഗിച്ച രണ്ട് പേരും പുറത്ത് പ്രതിഷേധിച്ച രണ്ട് പേരുമാണ് അറസ്റ്റിലായത്. രണ്ട് യുവാക്കളാണ് പാര്‍ലമെന്റിന് ഉള്ളിൽ കളര്‍ സ്പ്രേ ഉപയോഗിച്ചത്. ഷൂവിനുളളിലാണ് ഇവര്‍ സ്പ്രേ ഒളിപ്പിച്ചിരുന്നത്.
ഒരു യുവതിയും ഒരു പുരുഷനുമാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. നീലം എന്ന് പേരുള്ള യുവതി വിദ്യാര്‍ത്ഥിയാണ്, അമോൽ ഷിൻഡേ എന്ന് പേരുള്ള യുവാവും കസ്റ്റഡിയിലുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഇരുവരെയും പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പാര്‍ലമെന്റ് സന്ദര്‍ശക ഗാലറിയിൽ കടന്ന ഒരാളുടെ കൈയ്യിൽ ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസായിരുന്നു ഉണ്ടായിരുന്നത്. പാര്‍ലമെന്റിന് അകത്ത് കടന്നവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഉച്ചയോടെയാണ് ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേര്‍ കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടിയിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേരും എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാനെന്ന വ്യാജേനെയാണ് ഇരുവരും സഭയുടെ സന്ദര്‍ശക ഗ്യാലറിയിലേക്ക് കടന്നത്.
പ്രതിഷേധിച്ചവർ ഉയർത്തിയത് സർക്കാർ വിരുദ്ധ മുദ്രാവാക്യം
പാർലമെന്റിൽ കളർ സ്പ്രേയുമായി പ്രതിഷേധിച്ചവർ ഉയർത്തിയത് സർക്കാർ വിരുദ്ധ മുദ്രാവാക്യം. ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ ചാടിവീണത്. താനാശാഹീ നഹീ ചലേഗി എന്നാണ് ഇവർ മുദ്രാവാക്യമുയർത്തിയത്. കളർസ്പ്രേയുമായി രണ്ട് പേർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചു. ഷൂസിനുള്ളിലാണ് ഇവർ സ്പ്രേ സൂക്ഷിച്ചത്. പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരിൽഡ നീലം, അമോൽ ഷിൻഡെ എന്നിവർ പിടിയിലായത്. പാർലമെന്റിനു നേരെ ഭീകരർ ആക്രമണം നടത്തിയിട്ടു ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. 2001 ഡിസംബർ 13 നാണു ലഷ്കർ ഇ തയിബ, ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ പാർലമെന്റ് വളപ്പിലേക്ക് കടന്നു കയറി ആക്രമണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam