
ദില്ലി: പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഗുണനിലവാരത്തിലും സമയനിഷ്ടയിലും യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് യോഗത്തില്‍ സ്പീക്കര്‍ വ്യക്തമാക്കി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
നിര്‍മ്മാണ നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. നിര്‍മ്മാണ സമയത്തുണ്ടാകുന്ന ശബ്ദ, അന്തരീക്ഷ മലിനീകരണം തടയാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് യോഗം ചര്‍ച്ച ചെയ്തു. നിര്‍മ്മാണത്തിനിടെ വിഐപികളുടെ യാത്രാ പ്രശ്‌നവും ചര്‍ച്ചയായി. പാര്‍ലമെന്റ് പരിപാടികള്‍ക്കായി നിലവിലെ പാര്‍ലമെന്റ് കെട്ടിടവും ഉപയോഗിക്കുമെന്നും യോഗം അറിയിച്ചു. ഈ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2022ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
പദ്ധതിയുമായി ബന്ധപ്പെടുന്ന എല്ലാ വകുപ്പുകളുടെ യോജിപ്പ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കറുടെ കീഴില്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മോണിറ്ററിംഗ് കമ്മിറ്റ് രൂപീകരിക്കാനും തീരുമാനമായി.
60000 ചതുരശ്ര മീറ്റര്‍ വിസ്തീണമുള്ള സ്ഥലത്തായിരിക്കും പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുക. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 118 നമ്പര്‍ പ്ലോട്ടാണ് കണ്ടുവെച്ചിരിക്കുന്നത്. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ എംപിമാര്‍ക്ക് പ്രത്യേക ഓഫിസുകള്‍ ഉണ്ടായിരിക്കും. എല്ലാ ഡിജിറ്റല്‍ സൗകര്യങ്ങളോടെയായിക്കും ഓരോ ചേംബറും തയ്യാറാക്കുക.
പാര്‍ലമെന്റിനെ പേപ്പര്‍ രഹിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭരണഘടന ഹാള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ കെട്ടിടം. ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പും ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യം വിളിച്ചോതുന്ന ഡിജിറ്റല്‍ പ്രദര്‍ശന സൗകര്യവുമുണ്ടാകും. ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. എംപിമാരുടെ ലോഞ്ച്, ലൈബ്രറി, ആറ് കമ്മിറ്റി റൂമുകള്‍, ഡൈനിംഗ്-പാര്‍ക്കിംഗ് സൗകര്യത്തോടെയായിരിക്കും കെട്ടിടം നിര്‍മ്മിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam