
പറ്റ്ന: ജമ്മുകശ്മീര്‍ വിഭജനവും പുൽവാമയും ഉയര്‍ത്തി ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ തുടങ്ങി. കൊവിഡ് പ്രതിരോധവും സർക്കാരിൻറെ നേട്ടമായി മോദി ഉയർത്തിക്കാട്ടി. നിതീഷ് കുമാറിനൊപ്പമായിരുന്നു മോദിയുടെ ആദ്യ റാലി. ജനങ്ങളെ കള്ളം പറഞ്ഞ് പ്രധാനമന്ത്രി പറ്റിക്കുകയാണെന്ന് തിരിച്ചടിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയതോടെ ബീഹാറിൽ തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുകയാണ്.
ജമ്മുകശ്മീരിന്‍റെ 370-ാം അനുഛേദം റദ്ദാക്കിയത് എൻ.ഡി.എ സര്‍ക്കാരാണ്. ആ തീരുമാനം അട്ടിമറിക്കാനാണ് ഇപ്പോൾ പ്രതിപക്ഷം ശ്രമിക്കുന്നത്. കുടുംബം എന്താണ് ചെയ്യുന്നത്, പറയുന്നത് എന്ന് നിങ്ങൾ കാണുന്നതല്ലേ എന്നുമായിരുന്നു മോദിയുടെ ചോദ്യം.
ചൈനീസ് പട്ടാളം ഇരുപത് സൈനികരെ കൊലപ്പെടുത്തി ഇന്ത്യൻ മണ്ണ് കയ്യേറി. എന്നിട്ടും ഇന്ത്യയുടെ ഒരു തുണ്ട് ഭൂമിപോലും ആരും കയ്യേറിയിട്ടില്ലെന്ന് മോദി പറഞ്ഞത് എന്തിനാണെന്നായിരുന്നു രാഹുൽ ഗാന്ധി പ്രചാരണത്തിനിടെ ചോദിച്ചത്.
ജമ്മുകശ്മീരിന്‍റെ 370-ാം അനുഛേദം റദ്ദാക്കിയ എൻഡിഎ സര്‍ക്കാർ തീരുമാനം പിൻവലിക്കണമെന്ന് പറയുന്നവരാണ് പ്രതിപക്ഷം. എന്ത് ധൈര്യത്തിലാണ് അവര്‍ ബീഹാര്‍ ജനതയോട് വോട്ടുതേടുന്നതെന്ന വിമര്‍ശനത്തിലൂടെ ജമ്മുകശ്മീര്‍ വിഭജനവും ദേശീയതയും ചര്‍ച്ചയാക്കാനാണ് ആദ്യ റാലിയിൽ തന്നെ നരേന്ദ്രമോദി ശ്രമിച്ചത്.
പുൽവാമ ആക്രമണവും മുത്തലാഖും വരെ ഉന്നയിച്ച് മോദി ഗാന്ധി കുടുംബത്തെ പരിഹസക്കുകയും ചെയ്തു. ഇപ്പോൾ ബീഹാര്‍ ഭരിക്കുന്നത് ഡബിൾ എൻജിൻ സര്‍ക്കാരാണ്. കൊവിഡ് ചികിത്സ സൗജന്യമായി ഉറപ്പാക്കിയെന്ന് പറഞ്ഞ മോദി എന്നാൽ സൗജന്യ കൊവിഡ് വാക്സിൻ വാഗ്ദാനത്തെ കുറിച്ച് പരാമര്‍ശിച്ചില്ല.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പമുള്ള റായിലിയിലായിരുന്നു മോദിക്ക് രാഹുലിന്‍റെ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ എവിടെയെന്ന് രാഹുൽ ചോദിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെയാണ് തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ച് മോദിയുടെയും രാഹുലിന്‍റെയും എത്തിയത്. നിതീഷ്-തേജസ്വി പോരാട്ടത്തിനപ്പുറത്ത് മോദി-രാഹുൽ ഏറ്റുമുട്ടലായി കൂടി ബീഹാര്‍ മാറുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam