പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയാവതരണം; യൂറോപ്യൻ യൂണിയൻ പാർലമെന്‍റിന് കത്തെഴുതി ലോകസഭാ സ്പീക്കർ

By Web TeamFirst Published Jan 28, 2020, 12:03 AM IST
Highlights

. ഒരു രാജ്യത്തെ നിയമനിർമ്മാണ സഭയുടെ തീരുമാനത്തിനെതിരെ മറ്റൊരു സംവിധാനം പ്രമേയം പാസാക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും, സ്ഥാപിത താൽപര്യക്കാർ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സ്പീക്കർ യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റ് ഡേവിഡ് മരിയ സസോലിക്കെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.  

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ യൂറോപ്യൻ യൂണിയൻ പാർലമെന്‍റിലെ പ്രമേയാവതരണത്തിനെതിരെ യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റിന് കത്തെഴുതി ലോക്സഭാ സ്പീക്കർ ഓം ബിർള. ഒരു രാജ്യത്തെ നിയമനിർമ്മാണ സഭയുടെ തീരുമാനത്തിനെതിരെ മറ്റൊരു സംവിധാനം പ്രമേയം പാസാക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും, സ്ഥാപിത താൽപര്യക്കാർ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സ്പീക്കർ യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റ് ഡേവിഡ് മരിയ സസോലിക്കെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.  

751 അംഗ യൂറോപ്യൻ പാർലമെന്‍റിലെ 600 അംഗങ്ങൾ ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവന്നതിന് പിന്നാലെയാണ് ലോക്സഭ സ്പീക്കറുടെ കത്ത്. പൗരത്വം നൽകാനുള്ള ഇന്ത്യയിലെ നിയമങ്ങളെ അപകടകരമായ രീതിയിൽ വഴിതിരിച്ചുവിടുന്ന ഈ നിയമം, ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്നും, ഇത് നിരവധി മനുഷ്യരുടെ ദുരിതത്തിന് കാരണമാകുമെന്നുമായിരുന്നു യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് സാമാജികരുടെ പ്രമേയം. 

പൗരത്വ നിയമഭേദഗതി പൗരത്വം നൽകുന്ന പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതാണെന്നും ഓം ബിർള കത്തിൽ വിശദീകരിക്കുന്നു. ആരുടെയും പൗരത്വം പുതിയ നിയമം മൂലം നഷ്ടമാകില്ലെന്നും കത്തിൽ ഉറപ്പ് നൽകുന്നുണ്ട്. മനുഷ്യാവകാശങ്ങളും ജനാധിപത്യവും പാലിച്ചില്ലെങ്കിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനിലെ ഏത് രാജ്യവും തമ്മിൽ വ്യാപാരക്കരാറുകളുണ്ടാക്കുന്നതിൽ നിയന്ത്രണങ്ങളും കർശനഉപാധികളും വയ്ക്കുമെന്ന ചട്ടം വയ്ക്കണമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്‍റിലെ പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. 

പൗരത്വനിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് പറയുന്ന പ്രമേയത്തിൽ പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിച്ച് ചർച്ചകൾക്ക് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു. 

''ഇന്ത്യ ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വവും, പൗരത്വം ലഭിക്കാനുള്ള നിയമപരമായ അവകാശവും എടുത്ത് കളയുകയാണ് ഈ നിയമത്തിലൂടെ ചെയ്തിരിക്കുന്നത്. ദേശീയ പൗരത്വ റജിസ്റ്ററിനെ സിഎഎയ്ക്ക് ഒപ്പം ഉപയോഗിച്ചാൽ അത് നിരവധി മുസ്ലിം പൗരൻമാർക്ക് പൗരത്വമില്ലാതെയാക്കും'', പ്രമേയം പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 15-ാം അനുച്ഛേദം ലംഘിക്കുന്നതാണ് ഇന്ത്യയുടെ നിയമമെന്നും, എല്ലാവർക്കും പൗരത്വം ലഭിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും, അതിന് മതം ഒരു തടസ്സമാകരുതെന്നും പ്രമേയം വ്യക്തമാക്കുന്നു. ഈ നിയമത്തിന്‍റെയും എൻആർസിയുടെയും അടിസ്ഥാനത്തിൽ ആരുടെയും പൗരത്വം കവരരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.

അഞ്ച് പേജുള്ള പ്രമേയം അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്‍റിന്‍റെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേയ്ക്കും.

എന്താണ് പൗരത്വ നിയമഭേദഗതി?

2014 ഡിസംബർ 31-നകം അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ വംശീയാക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യൻ, പാഴ്സി ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികളായി വന്നവർക്ക് പൗരത്വം ഉറപ്പു നൽകുന്നതായിരുന്നു കേന്ദ്രസർക്കാർ ഡിസംബർ 11-ന് പാസ്സാക്കിയ പൗരത്വ നിയമഭേദഗതി ബില്ല്. പൗരനാകാൻ കുറഞ്ഞത്  ഇന്ത്യയിൽ സ്ഥിരതാമസം 11 വർഷമെന്നത് ഈ ബില്ലിലൂടെ 6 വർഷമായി ചുരുക്കി. എന്നാൽ ഇതിൽ മുസ്ലിങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്ന് വാദിച്ചാണ് പല ഹർജികളും നൽകപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ 14-ാം അനുച്ഛേദം അനുസരിച്ച്, മതത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു വിവേചനവും ഇന്ത്യയുടെ അതിർത്തിയ്ക്ക് അകത്തുള്ള ഒരാൾക്കും നേരിടാൻ പാടില്ല. 

click me!