'പാർലമെൻറ് കേരള നിയമസഭ പോലെ ആക്കരുത്'; പെ​ഗാസസ് ബഹളത്തിൽ എംപിമാർക്ക് സ്പീക്കറുടെ താക്കീത്

By Web TeamFirst Published Jul 28, 2021, 5:19 PM IST
Highlights

പാർലമെൻറ് കേരള നിയമസഭ പോലെ ആക്കരുതെന്ന് ലോക്സഭ സ്പീക്കർ എംപിമാരോട് പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് സംബന്ധിച്ച സുപ്രീംകോടതി വിധിയും സ്പീക്കർ പരാമർശിച്ചു. 

ദില്ലി: പെ​ഗാസസ് വിഷയത്തിൽ പാർലമെന്റിലുണ്ടായ ബഹളത്തിൽ എംപിമാരെ താക്കീത് ചെയ്ത് ലോക്സഭാ സ്പീക്കർ. ഡീൻ കുര്യാക്കോസ് ഹൈബി ഈഡൻ, എം എ ആരിഫ് എന്നിവരെ സ്പീക്കർ താക്കീത് ചെയ്തു. പാർലമെൻറ് കേരള നിയമസഭ പോലെ ആക്കരുതെന്ന് ലോക്സഭ സ്പീക്കർ എംപിമാരോട് പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് സംബന്ധിച്ച സുപ്രീംകോടതി വിധിയും സ്പീക്കർ പരാമർശിച്ചു. 

പന്ത്രണ്ട് എംപിമാരെയാണ് സ്പീക്കർ ഓം ബിർള ഇന്ന് വിളിച്ചുവരുത്തി താക്കീത് ചെയ്തത്. ഇവരെ സസ്പെൻഡ് ചെയ്യണമെന്നാണ് നേരത്തെ ബിജെപി ആവശ്യപ്പെട്ടത്. ഇന്ന് ലോക്സഭാ നടപടികൾ തുടരുമ്പോൾ പേപ്പർ വലിച്ചുകീറി എറി‍ഞ്ഞതിനാണ് സ്പീക്കർ ഈ അം​ഗങ്ങളെ വിളിച്ചുവരുത്തി താക്കീത് ചെയ്തത്. ബഹളത്തെത്തുടർന്ന് ലോക്സഭാ ചോദ്യോത്തരവേള ആദ്യം നിർത്തിവച്ചിരുന്നു. തുടർന്ന് വീണ്ടും ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് എംപിമാർ നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം മുഴക്കിയത്. രാഹുൽ ​ഗാന്ധി തന്നെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ വിഷയം അടിയന്തരമായി പ​രിഹരിക്കണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. ഇത് അം​ഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു എംപിമാർ ബഹളം വച്ചത്.  

പെഗാസസ് സോഫ്റ്റ്വെയർ ചോർത്തൽ ചർച്ച ചെയ്യാൻ വിളിച്ച ഐടി പാർലമെന്ററി സമിതി യോഗം ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടർന്ന് മാറ്റിവച്ചു. രജിസ്റ്ററിൽ ബിജെപി അംഗങ്ങൾ ഒപ്പുവയ്ക്കാത്തതിനാൽ ക്വാറം തികയാതെ യോഗം പിരിയേണ്ടി വന്നു. ക്വാറത്തിന് മൂന്നിലൊന്ന് പേർ വേണമെന്നിരിക്കെ 30 അംഗ സമിതിയിലെ 9 പേർ മാത്രമാണ് ഒപ്പു വച്ചത്. ശശി തരൂരിൽ അവിശ്വാസം രേഖപ്പെടുത്തി സ്പീക്കർക്ക് ബിജെപി കത്തു നല്കി. തരൂരിനെതിരെ അവകാശലംഘന നോട്ടീസും ഭരണപക്ഷം നല്കി.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!