കർഷക സമരത്തെ ചൊല്ലി പ്രതിപക്ഷ ബഹളം; ലോക്സഭ വീണ്ടും നിർത്തിവെച്ചു

Published : Feb 02, 2021, 05:39 PM IST
കർഷക സമരത്തെ ചൊല്ലി പ്രതിപക്ഷ ബഹളം; ലോക്സഭ വീണ്ടും നിർത്തിവെച്ചു

Synopsis

ലോക്സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് എഎം ആരിഫും എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എന്നീ അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു

ദില്ലി: ദില്ലി അതിർത്തികളിൽ തുടരുന്ന കർഷക സമരവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്നും, മാധ്യമപ്രവർത്തകർക്ക് എതിരെ അടക്കം ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ ബഹളം. സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. കർഷകർ വേണ്ടി പ്രതിജ്ഞാബദ്ധമാണ് സർക്കാരെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞെങ്കിലും പ്രതിപക്ഷത്തെ തണുപ്പിക്കാനായില്ല.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് എഎം ആരിഫും എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എന്നീ അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു. കര്‍ഷക സമരം മാത്രം വിഷയമാക്കി ബജറ്റ് സമ്മേളനത്തിൽ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗങ്ങൾ തയ്യാറായിരുന്നില്ല. തുടർന്ന് അഞ്ച് മണി വരെ സഭാ നടപടികൾ നിർത്തിവച്ചിരുന്നു. പിന്നീട് സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നിലപാട് മാറ്റിയില്ല. അവർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ വീണ്ടും നിർത്തിവെക്കുകയായിരുന്നു.

കേന്ദ്രസർക്കാരുമായി തത്കാലം ചർച്ചയ്ക്ക് ഇല്ലെന്ന് സംയുക്ത കിസാൻ മോർച്ച ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്നതാണ് നിലപാട്. കസ്റ്റഡിയിൽ ഉള്ള 122 പേരെ വിട്ടയക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും കിസാൻ മോർച്ച നേതാക്കൾ കുറ്റപ്പെടുത്തി.

കര്‍ഷക സമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്ന് പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവെച്ചു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികൾ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാ നടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് രാജ്യസഭ അദ്ധ്യക്ഷൻ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭ വീണ്ടും സമ്മേളിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്