
തിരുനെൽവേലി: ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച്, തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ഗണപതിയുടെ ചിത്രവുമായി ബിരിയാണിക്കടയുടെ പരസ്യം പ്രദർപ്പിച്ച സംഭവത്തിൽ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണം ബിരിയാണി കട ഉടമ എം.ജയന്ത് ആണ് അറസ്റ്റിൽ ആയത്. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് സെൽവരാജ് എന്ന വ്യക്തി നൽകിയ പരാതിയിൽ ആണ് നടപടി. ഗണപതി ചിക്കൻ ബിരിയാണി തയ്യാറാക്കുന്ന ചിത്രമായിരുന്നു ബാനറിൽ ഉണ്ടായിരുന്നത്. പരാതിക്ക് പിന്നാലെ ബാനർ പൊലീസ് നീക്കം ചെയ്തു.
തിരുനെൽവേലി നഗരത്തിലെ വി.എം. ചത്രം പാലത്തിന് സമീപമുള്ള കല്യാണം ബിരിയാണി കടയിലാണ് 'അറബിക്-സ്റ്റൈൽ ചിക്കൻ 65 ബിരിയാണി'ക്ക് 99 രൂപയുടെ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ബാനർ സ്ഥാപിച്ചത്. ഈ ഓഫർ ഇന്നും നാളെയും (സെപ്റ്റംബർ 13, 14) മാത്രമേ ലഭ്യമാകൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കടയുടമ കടയ്ക്ക് മുന്നിൽ ബാനർ പ്രദർശിപ്പിച്ചത്. തമിഴിൽ 'വിനായക ചതുർത്ഥി സ്പെഷ്യൽ' എന്ന് എഴുതിയ ഫ്ലെക്സിൽ, വലിയ ഒരു ബിരിയാണി ചെമ്പിന് മുന്നിൽ നിന്ന് ഗണപതി ഭഗവാൻ ബിരിയാണി അലങ്കരിക്കുന്ന (ഗാർണിഷ് ചെയ്യുന്ന) രീതിയിലാണ് ചിത്രം ചിത്രീകരിച്ചിരുന്നത്.
ഗണപതി ബിരിയാണി തയ്യാറാക്കുന്ന ചിത്രം ഉപയോഗിച്ചത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ദൈവത്തെ മാംസാഹാരം പാചകം ചെയ്യുന്ന രീതിയിൽ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് 'ഹിന്ദു മുന്നണി' ഉൾപ്പെടെയുള്ള സംഘടനകൾ സ്ഥലത്ത് പ്രതിഷേധവുമായെത്തി. ഹൈന്ദവ സംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പൊലീസ് ഇടപെട്ട് ഫ്ലെക്സ് ബോർഡ് അഴിച്ചുമാറ്റുകയും കടയുടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam