'ഉണ്ണിക്കണ്ണൻ വെണ്ണക്കള്ളനല്ല'; 'ചീത്തപ്പേര്' മാറ്റാൻ ക്യാമ്പയിനുമായി മധ്യപ്രദേശ് സർക്കാർ

Published : Aug 23, 2025, 12:56 PM IST
Lord Krishna

Synopsis

ശ്രീകൃഷ്ണനെ ഭക്തർ സ്നേഹപൂർവമാണ് വെണ്ണക്കള്ളനെന്ന് വിശേഷിപ്പിക്കുന്നത്. കഥാകാരന്മാർ, ഭജൻ ഗായകർ, മതപ്രഭാഷകർ എന്നിവർക്കിടയിൽ തലമുറകളായി പ്രചരിച്ചതാണ് കൃഷ്ണന്റെ വെണ്ണമോഷണം.

ഭോപ്പാൽ: മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ കൃഷ്ണൻ വെണ്ണക്കള്ളനായിരുന്നില്ലെന്നും വിമതനായിരുന്നുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്. ഇക്കാര്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സർക്കാർ അവബോധ കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മത ടൂറിസ സർക്യൂട്ടായ ‘ശ്രീകൃഷ്ണ പാഥേയ’ വികസിപ്പിക്കുന്നതിനായി ഇതിനകം സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണനെ ഭക്തർ സ്നേഹപൂർവമാണ് വെണ്ണക്കള്ളനെന്ന് വിശേഷിപ്പിക്കുന്നത്. കഥാകാരന്മാർ, ഭജൻ ഗായകർ, മതപ്രഭാഷകർ എന്നിവർക്കിടയിൽ തലമുറകളായി പ്രചരിച്ചതാണ് കൃഷ്ണന്റെ വെണ്ണമോഷണം.

ഭഗവാൻ കൃഷ്ണനും സഹോദരൻ ബലരാമനും വേദങ്ങൾ പഠിച്ചിട്ടുണ്ടെന്നും വെണ്ണക്കള്ളൻ എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെണ്ണക്കള്ളൻ വിശേഷണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, കൃഷ്ണൻ ബാല്യകാലത്ത് വെണ്ണക്കലം പൊട്ടിച്ചത് അമ്മാവനായ കംസന്റെ ചൂഷണത്തിനെതിരായ കലാപമായിരുന്നുവെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോകുലത്തിൽ ആയിരക്കണക്കിന് പശുക്കൾ ഉണ്ടായിരുന്നു. പക്ഷേ വെണ്ണയെല്ലാം കംസന്റെ വീട്ടിലേക്കാണ് പോയിരുന്നത്. ഈ സമയം, കൃഷ്ണൻ തന്റെ സഹഗോപാലകരോട് നിങ്ങളുടെ വെണ്ണ കഴിക്കൂ, കലം പൊട്ടിക്കൂ, വെണ്ണ നമ്മുടെ ശത്രുവിലേക്ക് എത്താൻ അനുവദിക്കരുതെന്ന് പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് മോഷണമല്ല, മറിച്ച് പ്രതിരോധത്തിന്റെ സന്ദേശമാണെന്നും കൃഷ്ണലീലകൾ സ്നേഹത്തെക്കുറിച്ചും അനീതിക്കെതിരായ പ്രതിഷേധത്തെക്കുറിച്ചുമാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് കന്നുകാലികളും ധാരാളം പാലും നെയ്യും വെണ്ണയും ഉണ്ടായിരുന്ന നാനാ ബാബയുടെ സമ്പന്ന കുടുംബത്തിൽ ജനിച്ച കൃഷ്ണന് എന്തിനാണ് മോഷ്ടിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് പിന്നാലെ, വെണ്ണക്കള്ളൻ എന്ന വിശേഷണം ഒഴിവാക്കാൻ സംസ്ഥാന തലത്തിൽ പ്രചാരണം തുടങ്ങാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. വെണ്ണക്കുടം പൊട്ടിക്കുന്നത് കംസന്റെ ക്രൂരതയ്‌ക്കെതിരായ കലാപമാണെന്നും മോഷണമല്ലെന്നും ജനങ്ങളെ ബോധവൽക്കരിക്കുന്നതിലാണ് പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെണ്ണക്കള്ളൻ എന്ന വിശേഷണം ഉപേക്ഷിക്കുന്നതിൽ ഹിന്ദു സന്യാസിമാരും ഞങ്ങളോട് യോജിച്ചുവെന്ന് മുഖ്യമന്ത്രിയുടെ സാംസ്കാരിക ഉപദേഷ്ടാവ് ശ്രീറാം തിവാരി പറഞ്ഞു. കാമ്പെയ്ൻ വിജയകരമാക്കുന്നതിനായി, കഥാകൃത്തുക്കൾ, പുരോഹിതന്മാർ, മതപ്രഭാഷകർ എന്നിവരെ ഉൾപ്പെടുത്തും.

എന്നാൽ, പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎയുമായ ഉമാങ് സിംഗർ ഈ വിഷയത്തിൽ സർക്കാറിനെതിരെ രം​ഗത്തെത്തി. രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും അനാവശ്യമായി ഹിന്ദു പുരാണങ്ങളിൽ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൃഷ്ണ ലീലയെ സ്വന്തം ഇഷ്ടപ്രകാരം മാറ്റാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. ഭഗവാൻ കൃഷ്ണൻ ഒരിക്കലും വെണ്ണ മോഷ്ടിച്ചിട്ടില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ, തന്റെ സർക്കാർ രൂപീകരിക്കുന്നതിനുള്ള ജനങ്ങളുടെ വിധി എങ്ങനെ മോഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം